മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും ദിലീപിന്‍റെ ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസുമൊക്കെ നിര്‍മിച്ച സാഗാഫിലിംസിന്റെ അപ്പച്ചന്‍ എന്ന നിര്‍മാതാവ് സിനിമാ നിർമാണം മതിയാക്കി വീട്ടിലിരുന്നതിന് ഒരു കാരണമുണ്ട്. താരങ്ങള്‍ വലുതായപ്പോള്‍ സിനിമ എന്ന ബിസിനസിലേക്ക് പണമിറക്കാതെ വീട്ടിലിരിക്കുകയായിരുന്നു അപ്പച്ചനെപ്പോലുള്ള നിര്‍മാതാക്കള്‍. സിനിമയിലെ കാരവന്‍ സംസ്കാരം ബിസിനസിനെ തകിടം മറിച്ചുവെന്ന് അദ്ദേഹം പറയുന്നു. സാഗാ അപ്പച്ചന്റെ വാക്കുകളിലൂടെ:

കാരവൻ വരുന്നതിനു മുമ്പ് ഞങ്ങൾ സിനിമയെടുക്കുമ്പോൾ നടനും നടിയും ഞങ്ങളെല്ലാം ഒരു കൂട്ടായ്മയാണ്. ഇപ്പം ഒരു ഷോട്ട് കഴിഞ്ഞാൽ ഉടൻ നായകൻ കാരവനിലേയ്ക്ക് പോകുകയാണ്. പിന്നെ എന്നാ എടുക്കണമെന്നു പോലും തിരിച്ചു വരുമ്പോഴാണ് അറിയുന്നത്. ഏത് ഷോട്ടാണ് എടുക്കണ്ടതെന്ന്. എന്താണെന്നു ചോദിക്കും. കൃത്രിമത്തം മാത്രമായി സിനിമ. അഭിനയം മാത്രം. റിയാലിറ്റിയിൽ നിന്ന് അകന്നു പോയി സിനിമ.
കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ്. ഒരു സൂപ്പർ സ്റ്റാറിന്റെ കാര്യം ഞാൻ അറിഞ്ഞത് പറയാം.

അദ്ദേഹം കാരവനിൽ നിന്നു ഇറങ്ങണമെങ്കിൽ നാലു പേര് അസിസ്റ്റന്റ് ഡയറക്ടർമാർ പോയി നിൽക്കണം. ഡയറക്ടർ പോയാൽ വലിയ സന്തോഷമായി. നേരെ സെറ്റിൽ വരും. കാമറയ്ക്കടുത്തു വരുന്നു. സ്ക്രിപ്റ്റ് നോക്കുന്നു. അതൊക്കെ വെട്ടാൻ പറയുന്നു. അയാൾക്കിഷ്ടമുള്ളതൊക്കെ തിരുത്തുന്നു. ഡയറക്ടർ വന്ന് അത് ഒന്നു കൂടി എടുക്കണമെന്നു പറയുന്നു. അതിനെന്താ കുഴപ്പം? അത് മതി എന്നു പറഞ്ഞ് കാരവനിലേയ്ക്ക് പോകുന്നു. – എങ്ങനെ ഈ സിനിമ ജനം സ്വീകരിക്കുമെന്നാണ് പറയുന്നത്.

ചില ആർടിസ്റ്റുകളെ വച്ച് സൂര്യോദയം എടുക്കാനാവില്ല. അവർ ഉറങ്ങുന്നത് വൈകിയാണ്. അതിന് സൗകര്യമില്ല. അവർ വരുമ്പോൾ പത്തുമണിയാകും. ഒരു സൺറൈസ് കോമ്പിനേഷൻ ചില ആർടിസ്റ്റുകളെ വച്ച് എടുക്കാനാവില്ല. ക്വാളിറ്റിയാണ് അവിടെ പോകുന്നത്. ക്വാളിറ്റി കോംപ്രമൈസ് ചെയ്യുന്നു. അതാണ് ഇവിടെ നടക്കുന്നത്.

പഴയ തലമുറയിൽ പ്രൊഡ്യൂസർ വരുമ്പോൾ ആർടിസ്റ്റ് എഴുന്നേൽക്കും. ഞങ്ങളുടെ കാലത്ത് ഒപ്പം ഇരിക്കാൻ തുടങ്ങി. ഇപ്പം ആർടിസ്റ്റ് വരുമ്പോ പ്രൊഡ്യൂസർ എഴുന്നേൽക്കാൻ തുടങ്ങി. മൂന്ന് ജനറേഷനാണ്.