ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഋഷി സുനകിൻ്റെ നേതൃത്വത്തിൽ കനത്ത പരാജയമാണ് കൺസർവേറ്റീവ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ചരിത്രത്തിൽ ഏറ്റവും വലിയ പരാജയത്തിൽ 121 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. 2019 -ൽ 3 72 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിൽ വന്നത്. ഈ തിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റ് പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞപട്ടം വെറും 12 സീറ്റുകൾ മാത്രം നേടിയ അവർക്ക് 72 സീറ്റുകളിൽ ഈവട്ടം ജയിക്കാനായി. ലിബറൽ ഡെമോക്രാറ്റുകളും റീഫോം യുകെ ഉൾപ്പെടെയുള്ള ചെറിയ പാർട്ടികൾ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴ്ത്തിയത്.
ചരിത്രത്തിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്ത് തുടരുമെന്ന് കഴിഞ്ഞ ദിവസം ഋഷി സുനക് അറിയിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവ് ആരാകും എന്ന ചർച്ച തുടങ്ങി കഴിഞ്ഞു . പാർട്ടിയുടെ 121 എംപിമാരിൽ ആരും നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നേതൃസ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കിനാണ് . 44 കാരിയായ കെമി ബാഡെനോക്ക് മുൻപ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചപ്പോൾ നേതൃസ്ഥാനത്തേയ്ക്ക് മത്സരിച്ച് നാലാം സ്ഥാനത്ത് എത്തിച്ചേർന്നിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി എടുത്ത ധീരമായ നിലപാടുകൾ നേരത്തെ തന്നെ കെമി ബാഡെനോക്കിനെ ജനമധ്യത്തിൽ ശ്രദ്ധേയയാക്കിയിരുന്നു.
ഋഷി സുനക് സർക്കാരിൽ ആദ്യത്തെ ആഭ്യന്തര സെക്രട്ടറിയായ സുല്ല ബ്രാവർമാനും രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപിക്കുന്നുണ്ട്. 44 കാരിയായ സുല്ല ബ്രാവർമാൻ പാലസ്തീൻ അനുകൂല മാർച്ചുകളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പോലീസിനെതിരെയുള്ള വിവാദ പരാമർശങ്ങളുടെ പേരിലാണ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നത് . 2022ൽ നേതൃ മത്സരത്തിൽ സുല്ല ബ്രാവർമാൻ മത്സരിച്ചിരുന്നെങ്കിലും രണ്ടാം റൗണ്ട് വോട്ടിങ്ങിൽ അവർ പുറത്തായിരുന്നു.
ജെയിംസ് ക്ലെവർലി ആണ് അടുത്തതായി സാധ്യത കൽപിക്കുന്നയാൾ. ജെയിംസ് ക്ലെവർലി 2015 മുതൽ എംപിയും ബോറിസ് ജോൺസൺ, ലിസ് ട്രസ്, സുനക് എന്നിവരുടെ ക്യാബിനറ്റുകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ വിദേശ സെക്രട്ടറിയാണ് അദ്ദേഹം. 2023 നവംബറിൽ ഋഷി സുനകിന്റെ ക്യാബിനറ്റ് പുനസംഘടനയിൽ സുല്ല ബ്രാവർമാൻ്റെ പിൻഗാമിയായാണ് ഇദ്ദേഹം ആഭ്യന്തര സെക്രട്ടറിയായത്.
ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനും രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപിക്കുന്നുണ്ട് . 2010 -ൽ എംപിയായ അവർ തെരേസാ മേ മന്ത്രിസഭയിൽ ഇൻറർനാഷണൽ ഡെവലപ്മെൻറ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിരുന്നു. എന്നാൽ ഇസ്രയേലി ഉദ്യോഗസ്ഥരുമായുള്ള അനധികൃത കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദങ്ങളുടെ പേരിൽ അവർക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അവർ നടത്തിയത് .
സുല്ല ബ്രാവർമാനോ പ്രീതി പട്ടേലോ കൺസർവേറ്റീവ് നേതാവായി തിരഞ്ഞെടുത്താൽ വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്ത് ഒരു ഇന്ത്യൻ വംശജർ എത്തി എന്ന പ്രത്യേകതയും ഉണ്ട്.
Leave a Reply