ലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തി ചെൽസി യൂറോപ്പ ലീഗ് ഫൈനലിൽ കടന്നു. ആദ്യ പാദത്തിലും നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിൽ എത്തിയത്. രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട് ഗോളി കെപ അരിസബലാഗ ചെൽസിയുടെ ഹീറോയായി. ആദ്യ പാദം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ റൂബൻ ചീക്കിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടുന്നത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക ജോവിച്ചിലൂടെ ഫ്രാങ്ക്ഫർട്ട് തിരിച്ചടിച്ചു. തുടർന്നു മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.
ചെൽസിക്കു വേണ്ടി ബാർക്ലി, ജോർജിഞ്ഞോ, ലൂയിസ്, ഏഡൻ ഹസാർഡ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ അസ്പിലിക്വറ്റയുടെ ശ്രമം ഫ്രാങ്ക്ഫർട്ട് ഗോൾ കീപ്പർ കെവിൻ ട്രാപ്പ് രക്ഷപെടുത്തി. ഫ്രാങ്ക്ഫർട്ടിനു വേണ്ടി ഹല്ലെർ, ജോവിച്ച്, ഡി ഗുസ്മാൻ എന്നിവർ ലക്ഷ്യം കണ്ടു. ഹിന്റർറെഗെറിന്റെയും പസിൻസിയയുടെയും കിക്കുകൾ കെപ തടഞ്ഞിട്ടു. മേയ് 29-ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ടീമായ ആഴ്സണലാണ് ചെൽസിയുടെ എതിരാളികൾ. വലൻസിയയെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിൽ കടന്നത്. ഇതോടെ യൂറോപ്പ ലീഗിലും ഇംഗ്ലണ്ട് ടീമുകളുടെ ഫൈനലായി. നേരത്തെ, ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകളായ ലിവർപൂളും ടോട്ടനവും കലാശക്കൊട്ട് ഉറപ്പിച്ചിരുന്നു
Leave a Reply