ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വ സാധ്യത തള്ളാതെ ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിർദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റ ചുമതലയുളള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്പറഞ്ഞു.

എന്നാൽ താനിപ്പോള്‍ എം.എല്‍.എയായതുകൊണ്ട് ലോകാസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലന്ന സൂചന ഉമ്മൻ ചാണ്ടി നല്‍കി‌യിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വോട്ടുകൾ തിരികെപിടിക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു.
ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ജയിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മല്‍സരരംഗത്തിറക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് നിര്‍ണായക പോരാട്ടത്തില്‍ ഒരു സീറ്റ് സുനിശ്ചിതമാക്കാം എന്നതുതന്നെ. നിയമസഭ തിരഞ്ഞെടുപ്പിലൂടെ അകന്നുപോയ മതന്യൂനപക്ഷങ്ങളെ വീണ്ടും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാം. തിരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിക്ക് ഉണര്‍വും ആത്മവിശ്വാസവും വര്‍ധിക്കും.

എന്നാൽ പാര്‍ട്ടിതലത്തിലും പാര്‍ലമെന്ററി രംഗത്തും ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഒഴിഞ്ഞുകിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് ‌തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.