ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപന തീവ്രത കുറഞ്ഞതിനെ തുടർന്ന് ലോക്ക്ഡൗൺ എന്ന് അവസാനിക്കും എന്നാണ് ബ്രിട്ടനിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചില ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന സൂചനകൾ നൽകിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ ആശയക്കുഴപ്പത്തിന് തുടക്കമിട്ടു. എന്നാൽ ഈസ്റ്ററിനോട് അനുബന്ധിച്ച് സ്കൂളുകൾ തുറക്കുമോ എന്നതിൻറെ അനിശ്ചിതത്വം നീക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. സ്കൂളുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ രണ്ടാഴ്ച മുൻപേ എങ്കിലും മാതാപിതാക്കൾക്കും അധ്യാപകർക്കും അറിയിപ്പ് ലഭിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ സ്കൂളുകൾ കുറഞ്ഞത് മാർച്ച് വരെ തുറക്കാൻ സാധ്യതയില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഓരോ ഘട്ടത്തിലും രോഗവ്യാപന തോതിൻെറ തീവ്രത അനുസരിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസുകളുടെ വ്യാപനം പല കണക്കുകൂട്ടലുകളെയും തകിടം മറിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും മുൻകൂട്ടിയുള്ള പ്രവചനം അസാധ്യമായിരിക്കുകയാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു . ലോക്ക്ഡൗൺ മൂലം രാജ്യത്തൊട്ടാകെ ആർ റേറ്റ് 1 ൽ താഴെയാക്കിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിലൂടെയോ സ്കൂളുകൾ തുറക്കുന്നതിലൂടെയോ രോഗവ്യാപനം കുറയ്ക്കുന്നതിൽ കൈവന്ന നേട്ടങ്ങൾ ഇല്ലാതാകാൻ ഗവൺമെൻറ് ആഗ്രഹിക്കുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ സ്കൂളുകൾ എന്ന് തുറക്കാൻ സാധിക്കുമെന്ന് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ടോറി എം.പിമാർ രംഗത്തുവന്നു. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ ആശങ്ക ഉണർത്തുന്നതിനാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ കുറിച്ച് വിശദമായ റൂട്ട് മാപ്പ് വേണമെന്നാണ് ടോറി എം.പിമാരുടെ ആവശ്യം.