ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട്ട്ലൻഡ് : യുകെയിലെ ഭൂരിഭാഗം തൊഴിലാളികളും നാല് ദിവസത്തെ പ്രവൃത്തി വാരമാണ് ഇഷ്ടപ്പെടുന്നതെന്ന് സർവേകൾ തെളിയിച്ചിട്ടുണ്ട്. കൊറോണയുടെ വരവോടെ ജോലികൾ ഏറെയും വീട്ടിലിരുന്നായതിനാൽ പ്രവൃത്തി ദിവസം നാലായി കുറച്ചാൽ നന്നായി ജോലി ചെയ്യാൻ കഴിയുമോ എന്നറിയാൻ സ് കോട്ട്ലൻഡ് ഒരു പദ്ധതി ആരംഭിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. കൂടുതൽ ജോലി സമയം ആരോഗ്യത്തിനു ഹാനികരമാണെന്നും ശമ്പള വർദ്ധനവിന് വഴങ്ങുന്ന ജോലി അവർ തിരഞ്ഞെടുക്കുമെന്നും നിരവധി തവണ തൊഴിലാളികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കാരണം നിലവിൽ നാല് ദിവസത്തെ വർക്ക് വീക്ക് പൈലറ്റ് സ്കീം രൂപകൽപ്പന ചെയ്യുകയാണ് സ് കോട്ടിഷ് നാഷണൽ പാർട്ടി. വേതനം വെട്ടികുറയ്ക്കാതെ ജോലി സമയം കുറയ്ക്കാൻ ഓഫീസ് അടിസ്ഥാനമാക്കിയുള്ള ബിസിനസുകൾക്കായി എസ്എൻപി 10 മില്യൺ പൗണ്ട് ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവൃത്തി ദിവസത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ കൂടുതൽ മെച്ചപ്പെട്ട ജോലികൾ നിലനിർത്താനും ക്ഷേമം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് സ് കോട്ടിഷ് സർക്കാർ വക്താവ് പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയിലുടനീളം ചുരുങ്ങിയ പ്രവൃത്തി ദിവസത്തിലേക്കുള്ള മാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ പദ്ധതി ഞങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണങ്ങൾ കൂടുതൽ വിപുലീകരിക്കാൻ തിങ്ക് ടാങ്ക് ഐപിപിആർ സ് കോട്ടിഷ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. “സ് കോട്ടിഷ് സർക്കാർ പ്രവൃത്തി ദിവസം നാലായി കുറയ്ക്കുന്നത് ശരിയായ നടപടിയാണ്. മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നല്ല നടപടിയായിരിക്കും ഇത്. എന്നാൽ എല്ലാത്തരം ജോലിസ്ഥലങ്ങളും എല്ലാത്തരം ജോലികളും ഉൾക്കൊള്ളുന്നതാവണം ഇത്.” ഐപിപിആറിന്റെ സീനിയർ റിസർച്ച് ഫെലോയായ റേച്ചൽ സ്റ്റാഥം പറഞ്ഞു.

ഇപ്പോൾ യുകെയിലെ മറ്റെവിടെയെങ്കിലും സർക്കാർ നേതൃത്വത്തിലുള്ള ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നതായി കാണുന്നില്ല. 2021 സെപ്റ്റംബറിൽ, ഇംഗ്ലണ്ടും വെയിൽസും സ്‌ കോട്ട്‌ലൻഡിന്റെ പാത പിന്തുടരാത്തത് എന്തുകൊണ്ടാണെന്ന് പലരും ട്വിറ്ററിൽ പരസ്യമായി ചോദിക്കുകയുണ്ടായി. എന്നാൽ യുകെയിലുടനീളമുള്ള ചില കമ്പനികൾ ഇതിനകം തന്നെ സ്വന്തം ഇഷ്ടപ്രകാരം പ്രവൃത്തി ദിവസം നാലായി കുറച്ചിട്ടുണ്ട്. ലോകത്തിലെ ഒരു രാജ്യത്തിനും നിലവിൽ 100% തൊഴിലാളികൾക്കായി നാല് ദിവസത്തെ വർക്ക്‌ വീക്ക്‌ പോളിസി ഇല്ല. എന്നാൽ 1% തൊഴിലാളികൾ 2015 മുതൽ 2019 വരെ കുറഞ്ഞ പ്രവൃത്തി ദിവസം പരീക്ഷിച്ചപ്പോൾ വലിയ വിജയം ഉണ്ടായതായി ഐസ്‌ലാൻഡ് റിപ്പോർട്ട്‌ ചെയ്തു.