ലിവർപൂൾ: ഇന്നലെ നാട്ടിൽ മരിച്ച ലിവർപൂൾ മലയാളിയായ റാണിക്ക് (61) ജന്മനാടിന്റെ യാത്രാമൊഴി. രണ്ട് മാസം മുൻപ് ചികിത്സാർത്ഥം നാട്ടിലേക്ക് പോയ റാണി വിൻസെന്റ് (കൊച്ചു ത്രേസ്യ) ഇന്നലെ രാവിലെയായിരുന്നു നാട്ടിൽ മരിച്ചത്. ഒരാളുടെ മരണം ഒരു തീരാ നഷ്ടമാണ് എന്ന് അറിയുമ്പോഴും മരണസമയത്തും അരികിലുണ്ടായിരുന്ന ജീവിത പങ്കാളിയുടെ സാമീപ്യയം വിവാഹസമയത്തെ “ഇന്ന് മുതൽ മരണം വരെ” എന്ന പ്രതിജ്ഞയോട് ചേർന്ന് നിൽക്കുമ്പോൾ എത്രയോ അർത്ഥസമ്പുഷ്ടമാണ് അവരുടെ വിവാഹ ജീവിതം… എത്ര ആരോഗ്യപരവും സന്തോഷവും ദൈവീകതയും നിറഞ്ഞതായിരുന്നു ഈ ദമ്പതികളുടെ ജീവിതമെന്ന് ഇപ്പോൾ മക്കളും ബന്ധുക്കളും കൂട്ടുകാരും തിരിച്ചറിയുന്നു.

വേണ്ടപ്പെട്ട പലർക്കും എത്താൻ സാധിക്കില്ല എന്ന വസ്തുത നിലനിൽക്കുന്നതുകൊണ്ട് മരിച്ച ഇന്നലെ തന്നെ ശവസംസ്ക്കാരം നടത്തുകയായിരുന്നു. കൃത്യം അഞ്ച് മണിക്കുതന്നെ ശവസംസ്ക്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിച്ചു. മൂന്ന് വൈദീകർ ആണ് ചടങ്ങിൽ പങ്കെടുത്തത്. നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പലരും അവരെ പ്രാർത്ഥനയിൽ സ്‌മരിച്ചു. സംസ്ക്കാര ചടങ്ങുകളുടെ ഓൺലൈൻ ലൈവ് വീഡിയോ തുടക്കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് യുകെയിലെ കൂട്ടുകാർ, കൂടുതലും ലിവർപൂൾ മലയാളികൾ, സഹപ്രവർത്തകർ ചടങ്ങുകൾ കാണുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ലൈവ് നിന്നുപോയത് യുകെയിലെ കൂട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ നിരാശരാക്കിയെങ്കിലും മനസ്സിൽ റാണിയെക്കുറിച്ചുള്ള നല്ല ചിന്തകൾ മായിക്കാൻ ആർക്കും സാധിക്കില്ല. ശവസംസ്ക്കാര ചടങ്ങുകൾ ഇന്നലെ വൈകീട്ട് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ പൂർത്തിയായി.

മുപ്പതു മിനുട്ടുകൾ കൊണ്ട് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കി. അതുവരെ ദുഃഖം തന്നിൽ അമർത്തി പ്രാർത്ഥനയിൽ പങ്കെടുത്ത വിൻസെന്റ് തന്റെ ജീവിത വഴിയിലെ കഷ്ടങ്ങളിലും സന്തോഷങ്ങളിലും എപ്പോഴും താങ്ങായിരുന്ന ജീവിതപങ്കാളിക്ക് അന്ത്യചുബനം നൽകാൻ ശ്രമിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് വികാരഭരിതനായി… വേർപാട് വരുത്തിയ വേദനയുടെ ആഴം എല്ലാവരും തിരിച്ചറിയുകയായിരുന്നു. എല്ലാം സഹിക്കാൻ പ്രാപ്തനാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന സമൂഹത്തെ കാണുകയായിരുന്നു.. 

റാണിചേച്ചി അല്ലെങ്കിൽ കൊച്ചുത്രേസ്യ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് നാം തിരിച്ചറിയുമ്പോൾ മാത്രമാണ് അവരുടെ മഹത്വം നാം മനസ്സിലാക്കുക. രോഗം തിരിച്ചറിഞ്ഞപ്പോൾ തനിക്ക് ഇനി അധികം നാളുകൾ ഇല്ല എന്ന തിരിച്ചറിവ് നഴ്‌സായ റാണിക്ക് മറ്റാരും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിവന്നില്ല. വേദകൾ പേറുന്നതിൽ നിന്നും ഒരിക്കിലും ഓടി ഒളിക്കുന്ന ഒരാളായിരുന്നില്ല.

ഇവിടെയാണ് റാണിയുടെ കൊച്ചുത്രേസ്യ എന്ന പേര് അന്വർത്ഥമാക്കുന്ന വഴികൾ നാം മനസിലാക്കേണ്ടത്.. വേദനയുടെ വഴികളിൽ കൂടിയുള്ള യാത്ര… കാൻസർ ചികിത്സാർത്ഥം വളരെ ഗുരുതരമായ ഒരു ഓപ്പറേഷന് റാണി വിധേയയായി… മുറിവുകൾ ഉണങ്ങുന്നതിനു മുൻപ് തന്നെ പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയ ചേച്ചിയുടെ അസാമാന്യമായ മനോബലം… സുഹൃത്തുക്കളോട് രോഗത്തെപ്പറ്റിപറയുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്‌ത ഒരു വ്യക്തി… ദൈവത്തിന് മാത്രമേ തന്നെ സുഖപ്പെടുത്തുവാൻ സാധിക്കു എന്ന് ഉറച്ചു വിശ്വസിച്ച റാണിച്ചേച്ചി…

തന്റെ കുറവുകളെ എളിമയോടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ നാണം ഒന്നും കാണാത്ത ചേച്ചി..  മറ്റുള്ളവരുടെ ആശ്വാസ വാക്കുകൾ, പ്രാർത്ഥനകൾ എന്നിവയുടെ മഹത്വം തിരിച്ചറിഞ്ഞ ചേച്ചി… ഒരു രോഗം ഉണ്ടെന്നു അറിഞ്ഞാൽ അത് മറ്റുള്ളവരോട് പങ്കുവെക്കുന്നതിൽ താല്പര്യം ഇല്ല എന്ന് മാത്രമല്ല വീടിനുള്ളിലേക്ക് ഒതുങ്ങുന്ന പ്രകൃതം ആണ് നമ്മൾ മലയാളികളുടെത്‌. തന്റെ കുറവുകളേയും രോഗത്തെയും മറ്റുള്ളവരുമായി പങ്കുവെക്കുവാനും പ്രാർത്ഥനകൾ ആവശ്യപ്പെടാനും ചേച്ചി കാണിച്ച ഒരു ആത്മബലം, നമുക്ക് ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരു മാതൃകയാണ് എന്നാണ് ഇടവക വികാരിയച്ചനായ ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞത്.

മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നും മറ്റുള്ളവർക്ക് സഹായമാവേണ്ടവർ ആണെന്നും ഉള്ള ഒരു സത്യം റാണി ചേച്ചി ഈ കൊറോണ സമയത്തു നമുക്ക് കാണിച്ചു തന്നിരിക്കുകയാണ്.

വിശുദ്ധ കൊച്ചുത്രേസ്യ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകര്‍ഷിച്ചത്. സുവിശേഷ തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമര്‍പ്പണവും വിശുദ്ധ തെരേസ പ്രദര്‍ശിപ്പിച്ചു.

അതെ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ പേര് സ്വീകരിച്ച റാണി എന്ന കൊച്ചുത്രേസ്യയെ മരണത്തിലൂടെ ഈ ലോകത്തുനിന്ന് അകറ്റിയെങ്കിലും അവർ പകർന്നുനൽകിയ നല്ല പ്രവർത്തികൾ മക്കളുടെയും ചേച്ചിയെ അറിയുന്ന മലയാളികളുടെയും മനസ്സിൽ ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും.