ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കഴിഞ്ഞദിവസം തന്റെ ക്യാൻസർ രോഗവിവരം ജനങ്ങൾക്ക് മുൻപിൽ പങ്കുവെച്ച കെയ്റ്റിനും കുടുംബത്തിനും ലഭിക്കുന്നത് ജനങ്ങളുടെ പൂർണ്ണ പിന്തുണയും സ്നേഹവുമാണ്. ഇത് ഇരുവരെയും ഹൃദയത്തിൽ വളരെയധികം സ്പർശിച്ചതായി കെൻസിംഗ്ടൺ കൊട്ടാരം വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. രോഗവിവരം അറിഞ്ഞശേഷം നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി സന്ദേശങ്ങൾ അയച്ചത്. അതോടൊപ്പം തന്നെ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നുള്ള ഇവരുടെ ആവശ്യത്തെ പൂർണ്ണമായും മനസ്സിലാക്കിയ പൊതുജനങ്ങളോട് ഇരുവർക്കും ഉള്ള കടപ്പാടും കൊട്ടാരം വക്താവ് അറിയിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു വീഡിയോയിൽ ആണ് കെയ്റ്റ് തന്റെ ക്യാൻസർ ചികിത്സയുടെ വിവരം പൊതുജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം നടന്ന പരിശോധനകളിലാണ് കെയ്റ്റിന് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. രോഗവിവരം ജനങ്ങൾക്ക് മുൻപിൽ അറിയിച്ചതിനു ശേഷം, യുകെയിലും കോമൺവെൽത്തിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി സന്ദേശങ്ങൾ അയച്ചത്. ഇതിൽ ഇരുവർക്കും വളരെയധികം നന്ദിയുണ്ടെന്നും, തങ്ങളുടെ സ്വകാര്യത മാനിക്കുന്ന ജനങ്ങളുടെ പിന്തുണയിൽ കടപ്പാട് ഉണ്ടെന്നും ഇരുവരും അറിയിച്ചതായി കൊട്ടാരം അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ കുറെ മാസങ്ങളായി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന കെയ്റ്റിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇവയ്ക്കെല്ലാം വിരാമം ഇട്ടു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വിശദീകരണം. എന്നാൽ ഇപ്പോഴത്തെ പൊതുജനങ്ങൾക്ക് നൽകിയ അഭിമുഖത്തിന് ശേഷം ഇനി ഇരുവരും സ്വകാര്യതയിലേയ്ക്ക് മടങ്ങും എന്നാണ് കൊട്ടാരം അധികൃതർ വ്യക്തമാക്കുന്നത്. ഈസ്റ്റർ സർവീസുകളിൽ ഒന്നും തന്നെ ഇരുവരും പങ്കെടുക്കുകയില്ല എന്ന് കൊട്ടാരം അധികൃതർ അറിയിച്ചിട്ടുണ്ട്.
Leave a Reply