ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോശം കാലാവസ്ഥയെ തുടർന്ന് യുകെയിൽ ഉടനീളമുള്ള പുതുവത്സര പരിപാടികൾ റദ്ദാക്കി. എന്നാൽ മാഞ്ചസ്റ്ററിലും ലണ്ടനിലും ഉള്ള ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. യുകെയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാലാവസ്ഥ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 70 മൈൽ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതായി മെറ്റ് ഓഫീസ് പറയുന്നു. ഇതിനാൽ ഗതാഗതം വൈകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
നോർത്ത് യോർക്ക് ഷെയറിലെ ബ്ലാക്ക്പൂൾ, ന്യൂകാസിൽ, ഐൽ ഓഫ് വൈറ്റ്, റിപ്പൺ എന്നീ സ്ഥലങ്ങളിൽ നേരത്തെ തന്നെ മോശം കാലാവസ്ഥയെ തുടർന്ന് വെടിക്കെട്ട് പ്രദർശനങ്ങൾ പോലുള്ള ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പൊതുജന സുരക്ഷയെ മുൻനിർത്തി എഡിൻബർഗിലെ ന്യൂ ഇയർ ആഘോഷങ്ങളും റദ്ദാക്കി. എഡിൻബർഗിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളോട് പരിപാടിയുടെ സംഘാടകർ ക്ഷമാപണം നടത്തി. അതേസമയം ആഘോഷങ്ങൾ റദ്ദാക്കിയത് ശരിയായ തീരുമാനം ആണെന്ന് സ്കോട്ട് ലന്റിന്റെ സാംസ്കാരിക സെക്രട്ടറി ആംഗസ് റോബർട്ട്സൺ പറഞ്ഞു.
ശക്തമായ കാറ്റ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചതിന് പിന്നാലെയാണ് ബ്ലാക്ക് പൂളിലെ വെടിക്കെട്ട് പരിപാടികൾ റദ്ദാക്കിയത്. പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന പ്രൊജക്ഷൻ ഉൾപ്പെടെയുള്ള മറ്റു പരിപാടികൾ മുടക്കമില്ലാതെ തന്നെ നടക്കും. കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും ലണ്ടനിലെ വെടിക്കെട്ട് ആഘോഷങ്ങൾ അർദ്ധരാത്രിയോടെ മുന്നോട്ടുപോകുമെന്ന് ലണ്ടൻ മേയറുടെ വക്താവ് അറിയിച്ചു. മാഞ്ചസ്റ്ററിലെ വെടിക്കെട്ട് പരിപാടികൾ മാറ്റിയെങ്കിലും മറ്റ് ആഘോഷങ്ങൾ അറിയിച്ചത് പോലെ തന്നെ നടക്കും.
Leave a Reply