ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുയര്‍ത്തി പുതിയ വെളിപ്പെടുത്തല്‍. ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ട അതേസമയത്ത് രണ്ടു പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഇക്കാര്യം ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പിയെ അറിയിച്ചിരുന്നെന്നും കൊച്ചിന്‍ കലാഭവനിലെ സൗണ്ട് റെക്കോര്‍ഡിസ്റ്റായിരുന്ന സോബി ജോര്‍ജ് െവളിപ്പെടുത്തി. പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഡ്വക്കേറ്റ് എം.ബിജു അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല.

ബാലഭാസ്കറിന്‍റെ അപകടം നടന്ന് പത്തു മിനിറ്റിനുളളില്‍ താന്‍ അപകട സ്ഥലത്തു കൂടി കടന്നു പോയിരുന്നെന്നും ഈ സമയം രണ്ടു പേരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നെന്നുമാണ് സോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. അപകടം നടന്ന സ്ഥലത്തിനു മുന്നിലൂടെ ഒരാള്‍ ഓടി നീങ്ങുന്നതും വലതുവശത്തു കൂടി മറ്റൊരാള്‍ ബൈക്ക് തളളിക്കൊണ്ടു പോകുന്നതും കണ്ടിരുന്നെന്ന് സോബി പറയുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ ബാലുവിന്‍റെ അടുത്ത സഹായിയായിരുന്ന പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പ്രകാശ് പിന്നീട് ഇതിനോട് പ്രതികരിച്ചിരുന്നില്ലെന്നും ഇതില്‍ സംശയമുണ്ടെന്നുമാണ് സോബി പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് അറസ്റ്റിലാവുകയും ബാലഭാസ്കറിന്റെ മറ്റൊരു സഹായിയായിരുന്ന വിഷ്ണു ഒളിവില്‍ പോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോബിയുടെ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തു കേസും ബാലഭാസ്കറിന്‍റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സോബിക്ക് വ്യക്തതയില്ല താനും.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ എം.ബിജു ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് ഡിആര്‍ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്തു നിന്ന് കടത്തിയ സ്വര്‍ണം തിരുവനന്തപുരത്തെ പിപിഎം ജ്വല്ലറിയിലാണ് വിറ്റതെന്നു മാത്രമാണ് ബിജു വെളിപ്പെടുത്തിയിട്ടുളളത്.രണ്ടായിരം ദിര്‍ഹം വാഗ്ദാനം ചെയ്താണ് ബിജു സ്ത്രീകളടക്കമുളളവരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നതെന്ന് വ്യക്തമാക്കി കേസിലെ മറ്റൊരു പ്രതി സെറീനയും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.