എരുമപ്പെട്ടി: പന്നിത്തടത്തുള്ള തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിൽ മുക്ക് പണ്ടമായ സ്വർണ നിറത്തിലുള്ള 6 വളകൾ പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റിൽ. കാണിപ്പയ്യൂർ ചെമ്മണ്ണൂർ മേഞ്ചേരി വീട്ടിൽ ഉദയന്റെ ഭാര്യ അജിത (50) യാണ് എരുമപ്പെട്ടി പൊലീസിന്റെ വലയിൽ ആയത്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന വൻ സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് കുറച്ചുനാളായി വല വിരിച്ചിരുന്നു. ഇവരെ പിടികൂടുന്നതിനായി പൊലീസ് വേണ്ട നിർദ്ദേശങ്ങൾ പണ്ടം പണയം സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.30 ന് പന്നിത്തടത്തുള്ള സ്ഥാപനത്തിലാണ് സ്ത്രീ മുക്കു പണ്ടം പണയം വക്കുന്നതിനായി എത്തിയത്. പൊലീസ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പണയ വസ്തു മുക്കാണെന്നു മനസ്സിലായ സ്ഥാപന ഉടമ എഡിസൺ തഞ്ചത്തിൽ പൈസ എടുത്തു വരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതിയെ സ്ഥാപനത്തിൽ ഇരുത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു…
ഉടൻ തന്നെ സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് എസ്.ഐ: ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഈ രീതിയിൽ പണം തട്ടുന്ന വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒമാരായ സുഗതൻ കെ.വി, സേവിയർ. സി.ടി, സി.പി.ഒമാരായ ഗിരീശൻ. എസ്, സഗുൺ. കെ, ജംഷീന. കെ, സി.പി.ഒ ഡ്രൈവർ സതീഷ് എന്നിവർ ഉണ്ടായിരുന്നു.
Leave a Reply