ഭര്‍ത്താവിന്റെ പേരില്‍ 3.5 കോടിയുടെ ഇന്‍ഷുറന്‍സ്; തുണിമില്‍ ഉടമ രംഗരാജിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് തീ കൊളുത്തി കൊന്നു

ഭര്‍ത്താവിന്റെ പേരില്‍ 3.5 കോടിയുടെ ഇന്‍ഷുറന്‍സ്; തുണിമില്‍ ഉടമ രംഗരാജിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് തീ കൊളുത്തി കൊന്നു
April 11 02:50 2021 Print This Article

ഭര്‍ത്താവിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് ജീവനോടെ തീകൊളുത്തി കൊന്നു. രംഗരാജ് എന്ന 62കാരനെ ആണ് തീകൊളുത്തി കൊലപ്പെടുത്തിയത്. രംഗരാജിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് രംഗരാജിനെ കൊലപ്പെടുത്തിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡിലെ പെരുന്തുറയിലാണ് ദാരുണ സംഭവം.

തുണിമില്‍ ഉടമയാണ് രംഗരാജ്. അടുത്തിടെ രംഗരാജിന് ഒരു അപകടത്തില്‍ പരിക്കുപറ്റി പീലമേടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകവെ സഞ്ചരിച്ച വാഹനം വലസുപാളയത്തിന് സമീപം വിജനമായ ഒരു സ്ഥലത്ത് നിര്‍ത്തി. ശേഷം ഭാര്യ ജോതിമണിയും ബന്ധു രാജയും ചേര്‍ന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തുകയായിരുന്നു.

പരുക്കുപറ്റി എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ള രംഗരാജ് വാഹനത്തിനകത്ത് തന്നെ വെന്തുമരിക്കുകയായിരുന്നു. പുലര്‍ച്ചെ രാജ തന്നെയാണ് തിരുപ്പൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി രംഗരാജന്റെ മരണ വിവരം അറിയിച്ചത്. അപകട മരണം എന്നാണ് ആദ്യം നല്‍കിയ മൊഴി. രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

രംഗരാജന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന 3.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് മൊഴിയില്‍ വ്യക്തമാക്കി. കൊലപാതകത്തിനായി രാജയ്ക്ക് ഒരു ലക്ഷം രൂപയാണ് ജോതിമണി വാഗ്ദാനം ചെയ്തത്. ഇതില്‍ 50,000 രൂപ കൈമാറുകയും ചെയ്തു. ജോതിമണിയും രാജയും കുറ്റം സമ്മിതിച്ചിട്ടുണ്ട്. ഇരുവരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles