കായംകുളത്ത് ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവതി കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് താഴേക്ക് ചാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസുകാരിയായ തമിഴ്‌നാട് സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയ യുവതി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോകുകയായിരുന്നു.പിന്നീട് വീട്ടില്‍ പോകാനായി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് ടവറിലേക്ക് യുവതി വലിഞ്ഞു കേറുന്നത് കണ്ടത്. യുവതിയുടെ കയ്യില്‍ ഒരു കുപ്പിയില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ടവറിന് ചുറ്റും വലവിരിച്ചിരുന്നു. ഇതിനിടെയില്‍ ടവറില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട് ഇളകി വീഴുകയും കടന്നല്‍ക്കൂട്ടം യുവതിയെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ യുവതി താഴേക്ക് ഓടിയിറങ്ങാന്‍ ശ്രമിക്കുകയും പിന്നെ വലയിലേക്ക് ചാടുകയുമായിരുന്നു. കടന്നല്‍ക്കൂട്ടം ഇളകിയതോടെ പ്രദേശത്ത് തടിച്ചുകൂടിയവരും ചിതറിയോടി.

യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഭര്‍ത്താവിനൊപ്പം കഴിയുന്ന തന്റെ കുഞ്ഞിനെ തിരികെകിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.ഇവരുടെ കയ്യില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് ലഭിച്ചു. ഏപ്രില്‍ 13-ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍വെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും മൂന്നരവയസ്സുള്ള കുട്ടിയെ കൊണ്ടുപോയി എന്നും പരാതിയില്‍ പറയുന്നു. തന്റെയും സഹോദരിയുടെയും ഭര്‍ത്താക്കന്മാര്‍ മദ്യപരാണെന്നും അവരുടെ കൂടെ കുട്ടി സുരക്ഷിതനല്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.