പെൺകുട്ടിയെ പ്രസവിച്ചതിനെത്തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് അതി ക്രൂരമായി മർദിച്ചു. ഭർത്താവിന്റെ സഹോദരനും സുഹൃത്തും ചേർന്ന് യുവതിയെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. മീന കശ്യപ് എന്ന യുവതിയാണ് ക്രൂരമായ മർദനത്തിന് ഇരയായത്. അതേസമയം, വിഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തത ഇനിയും വന്നിട്ടില്ല.

പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവിന്റെ മാതാവ് നിരന്തരം തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് മീന കശ്യപ് പറഞ്ഞു. കുഞ്ഞിനെ സ്വീകരിക്കാൻ ഭർതൃ വീട്ടുകാർ തയാറായിരുന്നില്ല. മാത്രമല്ല സ്ത്രീധനമായി 7 ലക്ഷം ആവശ്യപ്പെട്ട് പീഡനം തുടർന്നു. ഇതേത്തുടർന്ന് താനും ഭർത്താവും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃ മാതാവ് പീഡിപ്പിക്കുന്നതായി കാണിച്ച് കഴിഞ്ഞ ഏപ്രിലിൽ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതറിഞ്ഞാണ് ഭർത്താവിന്റെ സഹോദരനും സുഹൃത്തും ചേർന്ന് തന്നെ മർദിച്ചതെന്നും മീന പറയുന്നു.

മകളെ ഭർത്താവിന്രെ വീട്ടുകാർ പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം തന്നെ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. മകളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. അവർക്കൊരു പെൺകുഞ്ഞും പിറന്നു. ഇപ്പോൾ 7 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് മകളെ പീഡിപ്പിക്കുന്നതായും മീന പിതാവ് എഎൻഐയോട് പറഞ്ഞു.