ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റാസ്റ്റഫേറിയൻ വിശ്വാസക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് സെല്ലിൽ മൂന്ന് മണിക്കൂറോളം നഗ്നയായി നിർത്തിയ പോലീസ് നടപടിയിൽ യുവതിക്കു 45000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 2018 ഓഗസ്റ്റിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസാണ് യോവ്നി ഫാരൽ എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാനെത്തിയ കാറിൽ നിന്നും മാറാതെ ഇരുന്നതാണ് ഫാരലിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. ഇതുമൂലം പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തി തന്റെ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഇവരെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. സി സി ടി വി യുടെ മുൻപിൽ വച്ച് തന്നെ തന്നോട് നഗ്നയാവാൻ പോലീസ് ആവശ്യപ്പെട്ടതായി ഫാരൽ പറഞ്ഞു. അതിനുശേഷം പോലീസ് അധികൃതർ തനിക്കു ശരീരം മുഴുവൻ മറക്കാത്ത തരത്തിലുള്ള ക്രോപ് ടോപ്പും പാന്റും നൽകിയതായും ഇവർ വ്യക്തമാക്കി. എന്നാൽ ഇതു ധരിക്കുവാൻ ഫാരൽ വിസമ്മതിച്ചു.


റാസ്റ്റഫേറിയൻ വിശ്വാസക്കാരിയായ ഫാരൽ, തനിക്ക് ഇത്തരം വസ്ത്രങ്ങൾ ധരിക്കുവാൻ ഉള്ള അനുവാദം മതം നൽകുന്നില്ലെന്ന് വ്യക്തമാക്കി. തന്നെ അപമാനിക്കുവാനായാണ് ഇത്തരത്തിലുള്ള വസ്ത്രം അധികൃതർ വാങ്ങി നൽകിയതെന്നും ഫാരൽ പറഞ്ഞു. ഫാരലിനനെയും അവരുടെ മതവിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് റാസ്റ്റഫാരി മുവ്മെന്റ് യു കെ കോ ഫൗണ്ടർ സ്റ്റെല്ല ഹെഡ്ലി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഭാഗത്തുനിന്നുള്ള മോശമായ പ്രതികരണത്തിനു പോലീസ് അധികൃതർ മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഫാരലിന് 45000 പൗണ്ട് നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.