സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയായിരുന്ന 100% മോര്‍ട്‌ഗേജ് പദ്ധതികള്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. വീടുകള്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതികള്‍ പ്രമുഖ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഹൈസട്രീറ്റ് ബാങ്കുകള്‍ നല്‍കാന്‍ തുടങ്ങിയെന്നാണ് വ്യക്തമായിരിക്കുന്നത്. 2007ലെ സാമ്പത്തിക മാന്ദ്യകാലത്ത് അപ്രത്യക്ഷമായ ഈ പദ്ധതികള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. 2007നു മുമ്പ് 250ഓളം 100% മോര്‍ട്‌ഗേജുകള്‍ ലഭ്യമായിരുന്നു. ഫസ്റ്റ് ടൈം ബയേഴ്‌സിനെ ആകര്‍ഷിക്കാന്‍ ഡിപ്പോസിറ്റ് രഹിത മോര്‍ട്‌ഗേജുകള്‍ നല്‍കാനായി ബാര്‍ക്ലേയ്‌സും പോസ്റ്റ് ഓഫീസുമുള്‍പ്പെടെ രംഗത്തുണ്ട്.

കുടുംബാംഗത്തെ തന്നെ ജാമ്യക്കാരനാക്കിക്കൊണ്ട് മോര്‍ട്‌ഗേജുകള്‍ നല്‍കാന്‍ ചില ബാങ്കുകള്‍ തയ്യാറാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം മുന്‍കരുതലുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും 100% മോര്‍ട്‌ഗേജുകള്‍ അപകടകരമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നെഗറ്റീവ് ഈക്വിറ്റി എന്ന അവസ്ഥ ചിലപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇത് കാരണമായേക്കും. കടത്തേക്കാള്‍ കുറഞ്ഞ നിരക്ക് പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

2010നു ശേഷം വീട്, പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയ മാസമാണ് കടന്നു പോയത്. 3.1 ശതമാനമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. നേരത്തേ 100% മോര്‍ട്‌ഗേജ് എടുത്തിട്ടുള്ളവരെ നെഗറ്റീവ് ഇക്വിറ്റി മേഖലയിലേക്ക് ഈ ഇടിവ് തള്ളിവിടുകയും ചെയ്തു. സീറോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എടുക്കുന്നവര്‍ വളരെ ശ്രദ്ധയോടെ വേണം അതിന് തയ്യാറാകേണ്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.