ഷിൻ്റാ ജോസഫ്
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് യുകെയിലെത്തിയ എനിക്കും ചില ആശയങ്ങൾ പങ്ക് വെയ്ക്കുവാനുണ്ട്. സ്തീകൾ അബലകളാണ് എന്ന് കേട്ടു വളർന്ന ഒരു സംസ്കാരത്തിൽ നിന്നാണ് ഒരോ മലയാളി സ്ത്രീകളും വളർന്നുവന്നത്. സ്വന്തം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ചവരാണ് പൂർവ്വീകരായ മലയാളി സ്ത്രീകൾ. അടുത്ത കാലത്താണ് ഇതിനൊരു മാറ്റം കണ്ടു തുടങ്ങിയത്. സമ്പൂർണ്ണ സാക്ഷരതയാണ് ഇതിന് കാരണമായത് എന്നാണ് എൻ്റെ അഭിപ്രായം. വിദ്യാദ്യാസത്തിനായിട്ട് പെൺകുട്ടികളാദ്യം വീടിന് പുറത്തിറങ്ങാൻ തുടങ്ങി. പിന്നീടത് അടുത്ത പട്ടണങ്ങളിലേയ്ക്കും അയൽ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിച്ചു. വിദ്യാദ്യാസം പൂർത്തിയാക്കിയവർ ജോലി തേടി വിദേശത്തേയ്ക്കു പറന്നു. ഗർഫു രാജ്യങ്ങളായിരുന്നു മലയാളി വനിതകൾ തങ്ങളുടെ സാമ്രാജ്യമായി ആദ്യം വളർത്തിയത്. പക്ഷേ, രണ്ടായിരത്തിൻ്റെ ആദ്യ കാലത്തോടെ യുകെ, ക്യാനഡാ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും മലയാളി നേഴ്സുമാർ എത്തി തുടങ്ങി. ഒരു കാലത്ത് വീടിൻ്റെ പിന്നാംപുറങ്ങളിൽ ഒതുങ്ങിക്കൂടിയ മലയാളി വനിതകൾ വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ലോകം കീഴടിക്കിയത് എന്ന് അഭിമാനത്തോടേ പറയേണ്ടിവരും.
ഈയൊരു കാലഘട്ടത്തിൽ പ്രവാസ ജീവിതം തുടങ്ങിയ മലയാളി വനിതകളിൽ ഞാനും ഉൾപ്പെടും. രണ്ടായിരത്തിൻ്റെ ആദ്യനാളുകളിൽ ഞാനും യുകെയിലെത്തി. യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ ഏയർഡേൽ ഹോസ്പ്പിറ്റലിലായിരുന്നു തുടക്കം. മലയാളികളുടെ ആദ്യ കാല കുടിയേറ്റമായതുകൊണ്ട് തുടക്കത്തിൽ തന്നെ ജിവിതം വളരെ പ്രശ്നസങ്കീർണ്ണമായിരുന്നു. അറിയാമെങ്കിലും പറഞ്ഞ് ശീലിക്കാത്ത ഭാഷ, വ്യത്യസ്ഥമായ സംസ്കാരം, യാതൊരു പരിചയവുമില്ലാത്ത സ്ഥലം അങ്ങനെ പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ എൻ്റെ മുമ്പിലുണ്ടായിരുന്നു. തിരിച്ചു പോയാലോ എന്ന ചിന്തയും എന്നെ അലട്ടിയിരുന്നു.
ഈ രാജ്യത്തിൻ്റെ സംവിധാനമനുസ്സരിച്ച് ഒരു സുരക്ഷിതത്വം എനിക്ക് നന്നായി അനുഭവപ്പെട്ടു. അതാണ് ഒരു തിരിച്ചു പോക്കിൽ നിന്നും എൻ്റെ മനസ്സിനെ പിന്നോട്ട് തിരിച്ചു വിട്ടത്. ഒരു നേഴ്സായ എൻ്റെ NHS ജീവിതം ധൈര്യത്തോടെ മുന്നേറാൻ എന്നെ സഹായിച്ചത് പുതിയ സംസ്കാരം മനസ്സാലാക്കി കഠിനാധ്വാനത്തോടും ഉറച്ച നിലപാടോടും കൂടി ഒരു ടീമിനോടൊപ്പം ചേർന്ന് നിന്ന് പുതിയ പ്രൊഫഷണൽ കഴിവുകൾ നേടിയെടുത്തതായിരുന്നു. മാനേജ്മെൻ്റിൻ്റെ പ്രോത്സാഹനവും സഹപ്രവർത്തകരുടെ സഹകരണ മനോഭാവവും കൊണ്ട് ഹോസ്പ്പിറ്റൽ എൻ്റെ ജീവിതത്തിലെ രണ്ടാമത്തെ വീടായി മാറി. ജോലിയോടൊപ്പം ഉന്നത പഠനത്തിനുള്ള അവസരം ഇതിനോടകം എനിക്ക് ലഭിച്ചു. അഡ്വാൻസ് നേഴ്സിംഗ് വിഭാഗത്തിൽ മാസ്റ്റേഴ് ഡിഗ്രി എടുക്കുവാൻ സാധിച്ചു. തുടർന്ന് പല ലിഡർഷിപ്പ് ജോലികളുടെയും ഭാഗമാകാൻ സാധിച്ചു. ഇപ്പോൾ സ്ട്രോക് ആൻ്റ് ന്യൂറോളജി വിഭാഗത്തിൻ്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ, ഹോസ്പ്പിറ്റലിൻ്റെ ഇൻ്റർനാഷണൽ റിക്രൂട്ട്മെൻ്റിൻ്റെ ഭാഗമായി ഇന്ത്യയിൽ പോയി പുതിയ നേഴ്സുമാരെ ഇൻ്റർവ്യൂ ചെയ്യാനും ആകർഷകമായ റിലൊക്കേഷൻ പാക്കേജും അതുപോലെ പാസ്ട്രൽ സപ്പോർട്ടും കൊടുക്കാൻ സാധിച്ചതും യുകെയിൽ നേഴ്സായി ജീവിതമാരംഭിച്ച എനിക്ക് അഭിമാനിക്കാൻ വകയേകുന്നു. ഒരു നേഴ്സ് മാനേജരായി സേവനം ചെയ്യുമ്പോൾ NHS ലെ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും രോഗികളുടെ പോസിറ്റീവായ അനുഭവങ്ങളും അവരുടെ ആശംസകളും പ്രോത്സാഹനങ്ങളും നന്ദി വാക്കുകളുമെല്ലാം കൂടുതൽ പ്രചോദനത്തോടു കൂടി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാനുള്ള താല്പര്യം കൂട്ടുന്നു. ഹോസ്പ്പിറ്റലിലെ ടീം ഓഫ് ദ ഈയർ ആവാൻ സാധിച്ചതും മറ്റൊരു നേട്ടമാണ്.
അന്താരാഷ്ട്ര വനിതാ ദിനമാഘോഷിക്കുന്ന ഈ അവസരത്തിൽ പുതു തലമുറയിലെ വനിതകളോട് പറയുവാനുളളത് എൻ്റെ പരിചയസമ്പത്താണ്. ഓരോരുത്തരും അവരുടെ റോളിൽ ലീഡേഴ്സാണ്. കഠിനമായ അധ്വാനത്തോടെ ടീമിനോടൊപ്പം ചേർന്ന് സത്യസന്ധതയോടെ പ്രവർത്തിക്കുക. ജോലിയും ജീവിതവും ബാലൻസിലായിക്കഴിയുമ്പോൾ താല്പര്യമുള്ള ഏരിയ മനസ്സിലാക്കി ജീവിതം പുഷ്ടിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആരായണം. ക്ലീനിക്കൽ സൂപ്പർ വിഷൻ ആൻ്റ് നെറ്റ് വർക്കിംഗ് സപ്പോർട്ട് നേടുക. തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. അവസരോചിതമായി പ്രവർത്തിക്കുക.
ജോലിയോടൊപ്പം ഉന്നത വിദ്യാദ്യാസവും ചെയ്യുക. ഈ രാജ്യവും ഇവിടുത്തെ സംവിധാനങ്ങളും അതിനെ സപ്പോർട്ട് ചെയ്യുന്നു. ഉയർച്ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
അന്താരാഷ്ട്രാ വനിതാ ദിനാശംസകൾ നേരുന്നു.
ഷിൻ്റാ ജോസ്
യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ സ്ട്രോക് ആൻ്റ് ന്യൂറോളജി വിഭാഗത്തിൻ്റെ വാർഡ് മാനേജരായി സേവനമനുഷ്ഠിക്കുന്നു. കേരളത്തിൽ മലയാറ്റൂരിനടുത്തുള്ള നീലേശ്വരമാണ് ജന്മദേശം. ഭർത്താവും രണ്ട് കുട്ടികളുമായി യോർക്ഷയറിലെ സ്റ്റീറ്റണിൽ താമസിക്കുന്നു.
Leave a Reply