ശ്രീലത മധു പയ്യന്നൂർ

ചാണകം മെഴുകിയ പൂമുറ്റത്ത്
പൂക്കളമൊരുക്കീ പൂത്തുമ്പി !
അത്തപ്പൂക്കളം ആവണിപ്പൂക്കളം ചിങ്ങപ്പൂക്കളം മനസ്സിലെന്നും !
തുമ്പപ്പൂവും കാക്കപ്പൂവും
കണ്ണാന്തളിയും ഇന്നെവിടെ ?
പ്ലാവില കോട്ടി തുമ്പപ്പൂ നുള്ളും കുഞ്ഞുങ്ങളെ നിങ്ങൾ കണ്ടോ ?
കാവിലെ കൃഷ്ണക്കിരീടം പറിക്കും കൂട്ടുകാരോടൊത്തു നടന്ന കാലം
വേലിക്കൽ നിൽക്കുന്ന പൂക്കളെല്ലാം എങ്ങോ പോയ് മറഞ്ഞൂ !
വിപണിയിൽ സുലഭമായ് പൂക്കളിന്ന്
വിലകൊടുത്താൽ കിട്ടും പൂക്കളല്ലോ !
എങ്കിലും ഞാനാ സ്മൃതിതൻ പൂക്കുടയിൽ വർണ്ണ പുഷ്പങ്ങൾ നിറച്ചുവയ്ക്കും !
അത്തംമുതൽ തിരുവോണം വരെ നന്മതൻ പൂക്കളമൊരുക്കാം !

ശ്രീലത മധു

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര