പയ്യന്നൂരിൽ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തിൽ യുവതി വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തിൽ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങളാണ് യുവതി വിശദമായി പറഞ്ഞത്. യുവാവിന്റെ മരണം ഏറെ സങ്കടകരമാണെന്നും, അങ്ങനെ ഒരു അവസ്ഥ ഉണ്ടായതിൽ ദുഃഖമുണ്ടെന്നും യുവതി പ്രതികരിച്ചു.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ബസിൽ മുന്നിൽ നിന്നിരുന്ന യുവാവിന്റെ സമീപത്ത് മറ്റൊരു പെൺകുട്ടി ഏറെ അസ്വസ്ഥയായി നിൽക്കുന്നത് ശ്രദ്ധിച്ചതായി യുവതി പറഞ്ഞു. പിന്നീട് യുവാവ് തന്നെ ശരീരത്തിൽ തൊടാൻ ശ്രമിച്ചുവെന്നും, മാറിനിന്നിട്ടും വീണ്ടും ആവർത്തിച്ചുവെന്നും യുവതി ആരോപിച്ചു. ഇതോടെയാണ് ഫോൺ ക്യാമറ ഓൺ ചെയ്ത് ദൃശ്യങ്ങൾ എടുത്തതെന്നും, ബസിൽ നിന്ന് ഇറങ്ങുമ്പോഴും ഇയാൾ തൊട്ടുരുമ്മാൻ ശ്രമിച്ചുവെന്നും യുവതി വ്യക്തമാക്കി. ചോദ്യം ചെയ്തപ്പോൾ ഇയാൾ സ്ഥലം വിട്ടുവെന്നും യുവതി പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ദീപക് മാനസികമായി തളർന്നിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതി നടത്തിയ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും, ദീപക് ശാന്ത സ്വഭാവക്കാരനാണെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപക് ഏഴ് വർഷമായി ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.











Leave a Reply