ബിജു ജോസഫ്
ഡാർലിങ്ടൻ∙ തിരുസഭാരംഭം മുതൽ ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്നു ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. ഡാർലിങ്ടനിലെ ഡിവൈൻ സെന്ററിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ വുമൺസ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയാവബോധമുള്ള കുടുംബിനികളും അമ്മമാരും ക്രൈസ്തവ കുടുംബങ്ങളിൽ ഉണ്ടാകണം.
അപ്പോൾ അവർക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കും. സാഹചര്യങ്ങളും മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കാൻ ഇടയാകരുത്. എങ്കിൽ മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാൻ ഓരോരുത്തർക്കും സാധിക്കുകയുള്ളൂ എന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത കുട്ടികളുടെ വർഷമായി പ്രഖ്യാപിച്ച ഈ വർഷത്തിൽ അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിർണ്ണായകമായ സംഭാവനകൾ ചെയ്യാൻ വുമൺസ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. റവ. ഫാ. ജോർജ് പനയ്ക്കൽ വി. സി.ഫാ. ജോർജ് കാരാമയിൽ എസ്. ജെ, ഫാ. ഫാൻസുവ പത്തിൽ, സി. ഷാരോൺ സി. എം. സി., സി. മഞ്ചുഷ തോണക്കര എസ്‍സിഎസ്‍സി., വുമൺസ് ഫോറം പ്രസിഡന്റ് ജോളി മാത്യു, ഷൈനി സാബു, സോണിയ ജോണി, ഓമന ലെജോ, റ്റാൻസി പാലാട്ടി, വൽസാ ജോയി, ബെറ്റി ലാൽ, സജി വിക്ട്ടർ, തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply