ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പീറ്റർബറോ : പീറ്റർബറോയുടെ മുഖമായി മാറി, 600 വർഷം പടർന്നു പന്തലിച്ചു നിന്ന ഓക്ക് മരം മുറിച്ചു മാറ്റാൻ തുടങ്ങി. ബ്രെട്ടണിലുള്ള ഓക്ക് മരമാണ് പീറ്റർബറോ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റുന്നത്. മരത്തിന്റെ ശിഖരങ്ങളും മറ്റും വീണ് സമീപത്തെ വീടുകൾക്ക് കനത്ത നാശനഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതോടെ, 600 വർഷം പഴക്കമുള്ള ഓക്ക് മരം സംരക്ഷിക്കാനുള്ള പോരാട്ടവും വിഫലമായി. മരം മുറിക്കുന്നത് തടയാനായി രണ്ട് പേർ മരത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു. മരത്തിന് ചുറ്റും വേലി സ്ഥാപിച്ച് പോലീസ് സാന്നിധ്യത്തിലാണ് മുറിച്ചുമാറ്റൽ പുരോഗമിക്കുന്നത്.

വുഡ്‌ലാൻഡ് ട്രസ്റ്റ് ഏൻഷ്യന്റ് ട്രീ രജിസ്റ്ററിലുള്ള ഈ വൃക്ഷം ഗ്രിമെഷോ കാടുകളിൽ നിന്നുള്ള അവസാനത്തെ ഓക്ക് മരങ്ങളിൽ ഒന്നാണെന്നും പതിനാലാം നൂറ്റാണ്ട് മുതലുള്ളതാണെന്നും പ്രദേശവാസികൾ പറഞ്ഞു. മരം മുറിക്കാൻ തുടങ്ങിയതോടെ പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പിരിഞ്ഞുപോയി. മറ്റു ചിലർ വികാരനിർഭരരായി. “അറുനൂറ് വർഷമായി ഇതിവിടെയുണ്ട്. ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് അവർ പകുതി വെട്ടിമാറ്റിയിരിക്കുന്നു. ഇത് കാണുമ്പോൾ സങ്കടമുണ്ട്. മരം നശിപ്പിക്കാനുള്ള തീരുമാനം ശരിയാണെന്നു തോന്നുന്നില്ല.” ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടു.

മരം മുറിയുമായി ബന്ധപ്പെട്ട കേസ് പീറ്റർബറോ കൗണ്ടി കോടതിയിൽ വരെ എത്തിയെങ്കിലും തള്ളിപോയി. മരം സംരക്ഷിക്കുന്നത് തുടർന്നാൽ, അത് മൂലം വീടുകൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികൾക്ക് ലക്ഷക്കണക്കിന് പൗണ്ട് ചിലവാകുമെന്ന് കൗൺസിലിന്റെ കൺസർവേറ്റീവ് കാബിനറ്റ് അംഗം നിഗൽ സൈമൺസ് പറഞ്ഞു. അതേസമയം, ഈ നടപടിയെ തുടർന്നുണ്ടാവുന്ന പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുന്നതിനായി ശരത്കാലത്തും ശൈത്യകാലത്തും നഗരത്തിലുടനീളം 100 ഓക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് കൗൺസിൽ അറിയിച്ചു.