പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍ ആരാകും ചാമ്പ്യന്മാര്‍ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഐ.സി.സി.

ഫൈനല്‍ മത്സരം സമനിലയാവുകയോ ടൈ ആവുകയോ ചെയ്താല്‍ ഐ.സി.സി ഇരു ടീമുകളെയും ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. അതുപോലെ മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടക്കും എന്നും ഐ.സി.സി അറിയിച്ചു. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ മത്സരം നടക്കുക.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ഫൈനലിനുള്ള തയാറെടുപ്പുകള്‍ അരുടീമുകളും തകൃതിയായി നടത്തുകയാണ്.

വിരാട് കോഹ്ലി നായകനായുള്ള 20 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഈ ടീം തന്നെയായിരിക്കും കളിക്കുക.