ചായക്കടയിലെ വരുമാനംകൊണ്ട് ലോകം ചുറ്റിയ ഹോട്ടലുടമ വിജയൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ കഴിഞ്ഞ 27 വർഷമായി വിജയൻ ശ്രീബാലാജി എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.
16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. ജപ്പാനിലേക്ക് അടുത്ത യാത്ര നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ വിജയന്റെ മരണം. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.
ചെറുപ്പം മുതൽ യാത്രാകമ്പമുണ്ടായിരുന്ന വിജയൻ പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുമായിരുന്നു. കോവിഡിനെതുടർന്ന് കഴിഞ്ഞ രണ്ടു വർഷം ഒഴിച്ചുനിർത്തിയാൽ എല്ലാ വർഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദർശിക്കുക പതിവായിരുന്നു.
26 രാജ്യങ്ങൾ സന്ദർശിച്ചതിൽ ഏറ്റവും മനോഹരം ന്യൂസിലൻഡും സ്വിറ്റ്സർലൻഡുമാണെന്ന് വിജയൻ നിസംശയം പറയുമായിരുന്നു. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.
Leave a Reply