മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എം.എസ്.ധോണി വിരമിക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങള ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ധോണി വിരമിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്.
‘എം.എസ്.ധോണിയുടെ കാര്യം പറയാൻ സാധിക്കില്ല. ലോകകപ്പിന് ശേഷം അദ്ദേഹം തുടരുമോ എന്നത് സംശയമാണ്. അദ്ദേഹം തുടരില്ല എന്ന് തന്നെയാണ് കരുതുന്നത്. ക്യാപ്റ്റൻസി ഒഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നതുകൊണ്ട് തന്നെ നിലവിൽ ഒന്നും പ്രവചിക്കാൻ സാധിക്കില്ല’- മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ധോണി വിരമിക്കുന്നതില്‍ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. വിരമിക്കലിനെ കുറിച്ച് അന്തിമമായ തീരുമാനം കൈക്കൊള്ളേണ്ടത് ധോണി തന്നെ ആയതിനാല്‍ ബിസിസിഐ ഉദ്യോഗസ്ഥന്റെ പ്രതികരണവും ആരാധകര്‍ കണക്കാക്കുന്നില്ല. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകവെയാണ് താരം വിരമിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. മത്സരത്തില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ താരത്തിന്റെ പിഴവുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ലോകകപ്പില്‍ സ്കോറിങ് വേഗക്കുറവിന്റെ പേരില്‍ എം.എസ്.ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരെ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് ആരാധകര്‍ ആരോപണങ്ങളുമായി എത്തിയത്. ആറാമനായി 39-ാം ഓവറില്‍ ക്രീസിലെത്തിയ ധോണി അവസാന ഓവറില്‍ പുറത്തായി.
നാല് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്സ് പോലും ധോണിയുടെ ഇന്നിങ്സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇതോടെ ധോണിക്കെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
ഈ ലോകകപ്പില്‍ ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് ധോണിക്കെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ധോണി 42 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. അവസാന ഓവറുകളില്‍ സിംഗിളുകള്‍ കൈമാറി കളിച്ച ധോണിയെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.
മാത്രമല്ല ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. എന്നാൽ ധോണിക്ക് പിന്തുണയുമായി ക്യാപ്റ്റൻ കോഹ്ലിയും രോഹിത് ശർമ്മയും രംഗത്തെത്തിയിരുന്നു. എന്നാൽ ധോണിയുടെ മെല്ലെപ്പോക്കിനെ തുടർന്ന് ധോണിയുടെ ആരാധകർ പോലും രോഷത്തിലാണ്. ധോണിക്ക് വിരമിക്കാൻ സമയമായിരിക്കുന്നു എന്നാൽ ക്രിക്കറ്റ് ആരാധകർ ഓർമിപ്പിക്കുന്നത്.
Leave a Reply