ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. 2022 തന്റെ അവസാന സീസണായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സിലെ ആദ്യ റൗണ്ടിന് ശേഷം താരം അറിയിച്ചു.

“ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ആഴ്ച തോറും പ്രകടനം വിലയിരുത്തി മുന്നോട്ട് പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം.” സാനിയ വ്യക്തമാക്കി.

2003 മുതല്‍ പ്രഫഷണല്‍ ടെന്നീസ് കളിക്കുന്ന സാനിയ 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തിയഞ്ചുകാരിയായ സാനിയ. കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങ് 27 ആണ്. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്. സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടിയ ഏക താരവും സാനിയയാണ്.

കണങ്കൈയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സിംഗിള്‍സ് ഉപേക്ഷിച്ച താരം പിന്നീട് ഡബിള്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡബ്ല്യൂടിഎ കിരീടം സ്വന്തമാക്കുന്ന രണ്ട് ഇന്ത്യന്‍ വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ. വിംബിള്‍ടണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും സാനിയയ്ക്ക് സ്വന്തം. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി രാജ്യം താരത്തിനെ ആദരിച്ചിട്ടുണ്ട്.