ഷാനോ
ആദി കാലങ്ങളിൽ അകത്തമ്മക്ക് പുറമെ അകത്തും പുറത്തും വേലിയില്ലാതെ സംബന്ധങ്ങളുടെ തേർവാഴ്ചകൾ നടത്തിയിരുന്ന കാലം. മേൽവർണ്ണകോയ്മയുടെ വീരത്തം കാട്ടിൽ നായാടാനിറങ്ങുമ്പോൾ പൊട്ടി വരുന്ന മദം തീർക്കാൻ ചെറുമത്തികളുടെ ചെറ്റകുടിലുകളുടെ മുളംഭിത്തികൾക്കുള്ളിൽ ഉയർന്നു താഴ്ന്നു ഉല്ലസിച്ചിരുന്നതിന്റെ ശീൽക്കാര ശബ്ദം. പക്ഷെ, പനിയൻ എന്ന ചെറുമന്റെ ഉള്ളിൽ രോഷാഗ്നി ആളിക്കത്തിക്കുകയാണുണ്ടായത്. സ്വന്തം ഉടപ്പിറന്നവളുടെ അഴകിന്റെ നിമ്നോന്നതങ്ങളിൽ ദാഹം തീർത്ത മേനവനെ അരിവാളുകൊണ്ടായിരുന്നു പനിയൻ യാത്രയയച്ചത്.
കുറ്റബോധം കൊണ്ടാണോ അതോ കിരാതമായ സമ്പ്രദായത്തോടുള്ള മനം മടുപ്പു കൊണ്ടോ ആയിരിക്കാം പനിയന്റെ അരിവാളിനിരയായ മേനവന്റെ മേനവത്തി പനിയന്റെ പെങ്ങളുടെ ഗർഭവും ഗർഭ രക്ഷയും രഹസ്യമായി ഏറ്റെടുത്തു. അതല്ലായിരുന്നെങ്കിൽ കാടുകയറാൻ വന്ന സകല തമ്പുരാക്കന്മാർക്കും വിരുന്നൊരുക്കുവാൻ പനിയനും അരിവാളും ഭ്രാന്തെടുത്തു നടക്കുകയായിരുന്നു. അപ്പോഴാണ് മേനവത്തി പുറം പണിക്കു വന്ന റായിരപ്പൻ മുഖാന്തിരം പനിയന്റെ പെങ്ങളുടെ ഭാവി ഏറ്റെടുത്തത്. അത് കൊണ്ടു മാത്രം അയാള് തണുത്തു. എങ്കിലും തന്റെ അരിവാൾ അയാൾ കോലായുടെ കഴുക്കോലിൽ തിരികെ വച്ചില്ല. ഊരിലെ സ്ത്രീത്വത്തിനു മുഴുവൻ ഒരു കരുതൽ കൊടുക്കുവാൻ അയാൾ സ്വയം തീരുമാനിച്ചത് പോലെ ആയിരുന്നു അയാളുടെ പെരുമാറ്റ രീതികൾ. അത് കൊണ്ടെന്തായാലും ഊരിലെ പെണ്ണുങ്ങളുടെ മാനം അവരവരുടെ സ്വകാര്യമായി മാറിത്തുടങ്ങി.
മേനവത്തി ഏറ്റെടുത്തത് കൊണ്ടവർ അടിയാത്തിയുടെ കുട്ടിക്ക് നില എന്ന് പേരിട്ടു വിളിച്ചു. അച്ഛനില്ലാതെ അമ്മയുടെയും അമ്മാവന്റെയും സംരക്ഷണയിൽ അവൾ വളർന്നു നിളയെപ്പോലെ ഒഴുകുന്ന സൗന്ദര്യവതിയായി കാടിന്റെ ശ്യാമ വർണ്ണത്തിലും അവൾ ശോഭ ചൊരിഞ്ഞു. കാട് കയറുവാൻ വന്ന പല കുട്ടിത്തമ്പുരാക്കന്മാരും അവളുടെ മേനിയഴകിൽ ഭ്രമിച്ചു വശക്കേടായി എങ്കിലും പനിയന്റെ അരിവാളിന്റെ ഹുങ്കാരം അവരുടെയുള്ളിലുറങ്ങിക്കിടന്ന സദാചാരബോധത്തെ ഉണർത്തി വിട്ടു.
ഊരിലെ പെൺജാതിയുടെ മാനത്തിനും ജീവനും കാവലാളായിരുന്നത് കൊണ്ട് പനിയൻ കല്യാണം ചെയ്തിരുന്നില്ല. ഒടുവിൽ പനിയന്റെ കയ്യാൽ തീർന്നുപോയ വലിയ മേനവന്റെ അനന്തരവൻ രാഘവ മേനവന്റെ തോക്കിനു ഇരയായപ്പോൾ അയാൾക്കുവേണ്ടി കരയുവാൻ പെങ്ങളല്ലാതെ മറ്റൊരുത്തി കൂടിയുണ്ടായിരുന്നു. കല്ല്യാണം കഴിക്കാതെ വീര വ്രതമനുഷ്ഠിച്ച പനിയനെ ശുശൂഷിക്കാനും അവന്റെ ചെറുമകിടാങ്ങളെ താലോലിക്കുവാനും ഉള്ളറിഞ്ഞു കൊതിച്ചു കാത്തിരുന്ന ചീരു ആയിരുന്നു ആ പെണ്ണൊരുത്തി.
പനിയന്റെ മരണം ഊരിലോ നാട്ടിലോ അത്ര വലിയ വാർത്ത ആയില്ലെങ്കിലും ഊരിലെ പെൺകിടാങ്ങളുടെയുള്ളിൽ അറിയാതെ ഒരു ഭയം പതിയെ ഗ്രസിച്ചു തുടങ്ങിയിരുന്നു. സമയം തെറ്റിയുള്ള പുറം നാട്ടുകാരുടെ വരത്തു പോക്കുകൾ കൂരിരുട്ടിൽ കുടിലുകൾക്കുള്ളിലും അവർക്കു മേല്കച്ച അഴിഞ്ഞുപോയ പോലെ തോന്നിച്ചു. അത്രമേൽ ഉയരത്തിലായിരുന്നു ആജ്ഞകൾക്കു മീതെയുള്ള ആ ചെറുമത്തികളുടെ അഭിമാന ബോധം. അതുണ്ടാക്കി കൊടുത്തവന്റെ കാവൽ ഇല്ലതാനും.
ചീരു ഒരുപാട് ആശിച്ചിരുന്നതാണ് അവൾക്കു നഷ്ടമായത്. പനിയന്റെ പെങ്ങളേക്കാൾ നിലയെ സ്നേഹിച്ചിരുന്നു പനിയൻ. അതുകൊണ്ടായിരിക്കാം ചീരുവിനു നിലയെ ജീവനായിരുന്നു. അവളുടെ എന്താവശ്യങ്ങൾക്കു വേണ്ടിയും ചീരു അഹോരാത്രം അദ്ധ്വാനിക്കുവാൻ തയ്യാറായിരുന്നു. ചെറുമത്തികളുടെ മാനം കാക്കാൻ പനിയൻ സഹിച്ച ദുരിതവും അയാളുടെ ജീവത്യാഗവുമെല്ലാം ചീരു നിലയ്ക്കു പറഞ്ഞു കൊടുക്കുമായിരുന്നു. പനിയന്റെ മകളല്ലെങ്കിലും താൻ കൊതിച്ചവന്റെ ജീവനായിരുന്നു നിലയ. ചീരു അളവറ്റു സ്നേഹിച്ചിരുന്നു.
നിലയുടെ അമ്മ മരിച്ചു പോയപ്പോഴും ഒരു കടം വീട്ടുന്ന പോലെ ചീരു നിലക്കുവേണ്ടി സ്വന്തം ജീവിതത്തെ മാറ്റിവെച്ചു. ഒടുവിൽ മകളുടെ ജീവിതം വഴിമുട്ടി ഉറവ വറ്റിപോകുന്ന പുഴ പോലെ മാറുന്നതിൽ മനംനൊന്ത റായിരപ്പൻ മനക്കലമ്മയായ വലിയ മേനവത്തിയോട് സങ്കടപ്പെട്ടതിന്റെ ഫലമായി മേനവത്തി നില തന്റെ ഭർത്താവിന്റെ തന്നെ രക്തമാണെന്ന തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടും അവളോട് ഒരു താല്പര്യമുള്ളതു കൊണ്ടും നിലയെ മനക്കലേക്ക് കൂട്ടികൊണ്ടു വരുവാൻ റായിരപ്പനോട് ആവശ്യപ്പെടുകയാണുണ്ടായത്.
മേനവത്തി തന്നെയായിരുന്നല്ലോ നിളയുടെ ചിലവുകൾ വഹിച്ചിരുന്നതും. മനയ്ക്കലെ പത്തായ പുരയിൽ താമസമാക്കിയത് കാരണം അമ്മാവന്റെ മരണത്തോടെ നിന്ന് പോയ വിദ്യാഭ്യാസം പുനരാരംഭിച്ചു. പഠിക്കുവാൻ മിടുക്കിയായ നില പക്ഷെ മേനവത്തി സ്വന്തം ഉദരത്തിൽ ജന്മം നൽകിയ രണ്ടു പെൺസന്തതികൾക്കു വലിയ അപമാനമായിരുന്നു.
അവർ മൂന്നാളും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത് , വർണ്ണബോധം തന്നെ കാരണം , അച്ഛന്റെ മകളാണെങ്കിലും സ്വസഹോദരിയാണെന്നു ഉള്ളിൽ അറിയുമെങ്കിലും സഹപാഠികളുടെയും സർവദാ സദാചാര വാദികളായ അധ്യാപകരുടെയും പുച്ഛ പരിഹാസങ്ങൾ മനയ്ക്കലെ മേനവന്റെ പെൺ കുട്ടികൾക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. അവർ പഠിപ്പു നിർത്തുമെന്ന ഘട്ടം ആയപ്പോൾ മനക്കലമ്മ നിലയെ പട്ടണത്തിലുള്ള സ്കൂളിലേക്ക് പറിച്ചു നട്ടു.
പട്ടണത്തിന്റെ ഗാംഭീര്യം അവളിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. എല്ലാ തരത്തിലും ഒന്നാമതായി അവൾ മുന്നേറികൊണ്ടിരുന്നു എങ്കിലും കൊച്ചു മേനവത്തികൾക്കു അവളെന്നും തീണ്ടാപ്പാടകലെ ആയിരുന്നു. കൊഴുത്ത ജാതി വിവേചനം നിശ്ശബ്ദമായിരുന്ന ചോര ഊറ്റികുടിക്കുന്ന പട്ടണത്തിലും നിലയുടെ മേൽവിലാസം മേനവത്തിയുടേതായിരുന്നു. അത് അവൾക്കു സമൂഹത്തിൽ ഇരിപ്പിടങ്ങൾ നല്കിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും ഒരവധിക്കു മനക്കലെത്തുമ്പോൾ പത്തായ പുരയിലേക്കു മാത്രം പോയിരുന്ന അവൾ മനക്കലമ്മയെ കാണുവാൻ വേണ്ടി മാത്രം അകത്തളത്തിലേക്കു വരുമായിരുന്നു. അവളുടെ സാമീപ്യം പോലും സവർണ്ണ കിടാത്തികൾക്കു അസഹനീയമായിരുന്നു. അവൾ പക്ഷെ ഉറച്ച മനസ്സുള്ളവൾ ആയിരുന്നതിനാൽ ഇ ജാതിക്കോമരങ്ങളെ അവഗണിച്ചു. എങ്കിലും അർദ്ധ സഹോദരികൾക്കു വേണ്ടി വരുമ്പോഴൊക്കെ ഒരുപാട് പുസ്തകങ്ങൾ നില വാങ്ങിക്കൊണ്ടു വരുമായിരുന്നു. അവളുടെ മുന്നിൽ വെച്ചവർ ആ അറിവിന് വാതായനങ്ങൾ തുറക്കുവാൻ മുതിരില്ലെങ്കിലും അവൾ പോയി കഴിഞ്ഞാലവർ ആ പുസ്തകങ്ങൾ എല്ലാം തന്നെ ഹൃദിസ്ഥമാകുമായിരുന്നു.
അറിവിന്റെ ലോകത്തേക്ക് പുതിയ വെളിച്ചം വീശിയ നിലയെ അവർക്കു വിരോധമില്ലെങ്കിലും നിറം എന്ന രാപിശാചുക്കളുടെ ദുർഗന്ധമുള്ള കരവലയത്തിൽ നിന്നും അവർ മോചിതരായിരുന്നില്ല. ആ ചിന്തകൾ അവരെ നിലയിൽ നിന്നും അകറ്റി നിർത്തി.
ചോര ഇറ്റു വീഴുന്ന അരിവാളുമായി പത്തായ മാളികയുടെ മട്ടുപ്പാവിൽ ഉഗ്ര കാളിയെ പോലെ കലി പൂണ്ടു നിന്ന നിലയെ വലിയ മേനവത്തി ഒന്നേ നോക്കിയുള്ളൂ. ദാരിക വധം കഴിഞ്ഞു കലിതുള്ളി നിൽക്കുന്ന കാളിയെപോലെ നിലയുടെ മറുകയ്യിൽ ഒരു ശിരസ്സുണ്ടായിരുന്നു , അനന്തിരവൻ രാഘവ മേനവന്റെ ആയിരുന്നു അത് ബോധ രഹിതയായി നിലപതിച്ച വലിയമേനവത്തി കൺതുറന്നു നോക്കുമ്പോൾ കണ്ടത് പത്തായ മാളികക്ക് പിന്നിൽ വെട്ടിയ കുഴിയിലേക്ക് രാഘവ മേനവനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന നിലയെന്ന ഉഗ്രരൂപിയെയായിരുന്നു. എഴുന്നേൽക്കാനാവാതെ അത്യന്തം തകർന്ന മനസ്സോടു കൂടി കോലായിൽ നിർബാധം കണ്ണുനീർ പൊഴിച്ച് വിലപിച്ചിരുന്ന മേനവത്തിയുടെ അർദ്ധനഗ്നമായ മേനിയിലേക്ക് അയയിൽ നിന്നും മേൽമുണ്ട് വലിച്ചെടുത്തു പുതപ്പിച്ചു കൊണ്ട് നില പറഞ്ഞു ” അമ്മ കരയണ്ട അമ്മയെ തിരിച്ചറിയാത്ത പട്ടികളോട് അരിവാളുകൊണ്ടു പറയുവാനാ പനിയന്റെ പരമ്പരക്കറിയു . ”
തൻറെ മാനത്തിനു മേൽ കാമം ശമിപ്പിക്കുവാൻ വന്ന അനന്തരവനെ കാലപുരിക്കയച്ച തന്റെ വളർത്തു മകളെ കെട്ടിപിടിച്ചു ആ അമ്മ നിർത്താതെ അലമുറയിട്ടു.
രാഘവ മേനവന്റെ മരണം വലിയ മേനവന്റെ കുടുംബത്തിൽ നിന്നും അയിത്തത്തെ ഇല്ലാതാക്കുവാൻ തുടങ്ങി. പൂർണ്ണമായും ഇല്ലാതായി എന്ന് തന്നെ വേണം പറയുവാൻ , കാരണം ഇന്ന് അമ്മയോടെങ്കിൽ നാളെയതു ഞങ്ങളോടായിരിക്കും എന്ന് വലിയ മേനവന്റെ രണ്ടു പെൺകുട്ടികൾക്കും അറിയാമായിരുന്നു. അവരുടെ രക്ഷകയുടെ ഉഗ്രരൂപം അവരെ അടിമുടി മാറ്റിക്കളഞ്ഞു. ആ മാറ്റം അവരെ വർണ്ണ വിവേചനത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുകയാണുണ്ടയത്. രാഘവ മേനവന്റെ കൊലപാതകമാവട്ടെ ആരും അറിഞ്ഞില്ലതാനും. നാടുവിട്ടു പോയെന്നൊരു നാട്ടു വർത്തമാനവും കാണ്മാനില്ലെന്നൊരു പരാതിയിലും ഒതുങ്ങിപോയിരുന്നു അയാളുടെ മരണം.
അധികാരത്തിലും അജ്ഞതയിലും മുങ്ങികിടന്ന അയിത്തത്തിന്റെ വിഷപ്പുക നീങ്ങിയപ്പോൾ തെളിഞ്ഞത് നിലയ്ക്ക് മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന അറിവിന്റെ അസ്തമിക്കാത്ത വെളിച്ചവും ഒടുങ്ങാത്ത വഴികളും ആയിരുന്നു. മേനവ കുട്ടികളുടെ ഏട്ടത്തിയായി മനക്കൽ അമ്മയുടെ സ്നേഹവാത്സല്യം നുകരുവാൻ കഴിഞ്ഞ ആ ഉജ്ജ്വലര്തനമായ പെൺകൊടിക്കു മുന്നിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ നിരവധി വഴികൾ തുറക്കപ്പെട്ടു.
വിദ്യയുടെ നിരവധി പടവുകൾ അനായാസം അവൾ ചവിട്ടിക്കയറി. മനക്കലമ്മയുടെ വിലാസം അവൾക്കു അംഗീകാരങ്ങൾ വാങ്ങിക്കൊടുത്തു. സവർണ്ണന്റെ മുന്നിൽ തുറക്കുന്ന എല്ലാ വാതിലുകളും നിലയെന്ന പെൺകുട്ടിയുടെ മുന്നിലും തുറന്നു കിടന്നു. അവൾ ജില്ലാ ഭരണാധികാരിയായി ചുമതലയേറ്റപ്പഴും അവൾക്കു വർണത്തിന്റെ അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. അഹങ്കാരത്തോടെയല്ലെങ്കിലും അവളും ആ വർണ്ണ മാധുരിയിൽ അറിയാതെ ലയിച്ചു പോയിരുന്നു. വർഷങ്ങൾ നീണ്ട സർക്കാർ സേവനത്തിന്റെ ഒഴുക്കിൽ അവളും അങ്ങനെ മുങ്ങിപോയിരുന്നു.
കാരാഗൃഹത്തിന്റെ ഇരുണ്ട മുഷിഞ്ഞ അഴികളിൽ പിടിച്ചു വിചാരണ തടവ് കഴിയുവാൻ കാത്തു നില്കുമ്പോഴും നില എന്ന മുൻ ജില്ല ഭരണാധികാരിക്ക് അല്പം പോലും കുറ്റബോധമുണ്ടായിരുന്നില്ല. ഉത്തരവാദിത്വങ്ങൾ അഴിമതിയില്ലാത്ത അർഹത പെട്ടവർക്ക് വേണ്ടി നിറവേറ്റി വരുമ്പോഴാണ് ആദ്യമായി അവൾക്കു അധികാരത്തിന്റെ വെള്ളക്കുപ്പായം ധരിച്ച മന്ത്രി മാന്യൻ പനിയന്റെ പെങ്ങളെ തിരിച്ചറിഞ്ഞത്. അയാളുടെ കാമ ദണ്ഡ് ജില്ലാ ഭരണകാര്യാലയത്തിലെ പാറാവുവാരന്റെ തോക്കിൻ മുന്നിലെ കത്തി കൊണ്ട് അരിഞ്ഞു വീഴ്ത്തിയപ്പോഴും അവളിലെ ചെറുമത്തി സട കുടഞ്ഞെഴുന്നേറ്റിരുന്നു. കാലത്തിനോ കഴിവുകൾക്കോ മായ്ക്കുവാൻ കഴിയാത്ത നിറം എന്ന നിറമില്ലാത്ത ശാപം ഊരിൽ മാത്രമല്ല ഉലകം മുഴുവനും ബാധിച്ച ഒരു ഇരുൾ പിശാചാണെന്നു നിലയെപോലെ തിരിച്ചറിഞ്ഞവർ നിരവധിയായിരുന്നു. നിർഭാഗ്യമെന്നേ പറയാവു അവരെല്ലാം ” നില ” എന്ന സങ്കല്പ നായികയെപ്പോലെ വിചാരണ തടവുകാരാണ്.
ഷാനോ
കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി NHS ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി ഒന്നാം വർഷ വിദ്യാർത്ഥിനി.
Leave a Reply