വിവാഹദിനത്തില്‍ ടോമിന് നഷ്ടമായത് പ്രിയപ്പെട്ട പ്രണയിനി ഡാനിയല്‍ ഹാംസണ്‍ന്റെ ജീവനാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ടോം തന്നെയാണ് ഈ ദു:ഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്നാല്‍ മരണകാരണം എന്താണെന്ന് ടോം പോസ്റ്റില്‍ പറയുന്നില്ല.

ടോമും ഡാനിയലും 2020 സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ അത് നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും 2021 ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞും പിറന്നു.

എന്നാല്‍ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പെ ഡാനിയല്‍ ഈ ലോകത്തോട് വിട പറയുകയായിരുന്നു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ചുള്ള ഡാനിയലിന്റെ ചിത്രത്തോടൊപ്പമാണ് പ്രിയപ്പെട്ടവളുടെ വേര്‍പാട് ടോം ആരാധകരെ അറിയിച്ചത്.

‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല. എന്റെ പ്രിയപ്പെട്ട ഡാനീ…അവളായിരുന്നു എനിക്കെല്ലാം. എന്റെ ഉറ്റസുഹൃത്ത്, എന്റെ ജീവിതത്തിലെ സ്‌നേഹം. എന്റെ പ്രാണന്‍. ജൂണ്‍ 18 ശനിയാഴ്ച അവള്‍ എന്നെ വിട്ടുപോയി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട ദിവസം ഹൃദയഭേദകമായി അവസാനിച്ചു. ഞാനിപ്പോള്‍ കണ്ണീര്‍ക്കടലിലാണ്.

ഞങ്ങള്‍ വിവാഹപ്പന്തലില്‍ എത്തിയില്ല. വിവാഹശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ നൃത്തം ചെയ്തില്ല. നീ എന്റെ ലോകമായിരുന്നു. എന്റെ ജീവിതത്തിലെ അമ്യൂലമായ നിധി. അതെല്ലാം നിനക്കറിയാമല്ലോ? നീ അണിയിച്ച മോതിരം എന്റെ വിരലിലുണ്ട്. നിന്നോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെ അടയാളമായി ഞാന്‍ ജീവിതകാലം മുഴുവനും അതു ധരിക്കും.

ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നുപോയൊരു മനുഷ്യനാണ്. എവിടേക്കാണ് പോകേണ്ടത് എന്നുപോലും എനിക്ക് മനസിലാകുന്നില്ല. പക്ഷെ നമ്മുടെ മകനായി ഞാന്‍ ശക്തി സംഭരിക്കും. നീ മികച്ച അമ്മയായിരുന്നു. അത്രത്തോളം എത്താന്‍ എനിക്ക് കഴിയുമോയെന്ന് അറിയില്ല. എങ്കിലും നീയും ഞാനും ആഗ്രഹിച്ചരീതിയില്‍ അവനെ വളര്‍ത്താന്‍ ഞാന്‍ ശ്രമിക്കും. ഉറപ്പ്. അവന്റെ എത്രത്തോളം മികച്ച സ്ത്രീയായിരുന്നെന്ന് അവന്‍ തിരിച്ചറിയും. അവന് എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രമായിരിക്കും ഉണ്ടാകുക.

അകത്തും പുറത്തും ഏറ്റവും സുന്ദരിയായ വ്യക്തിയായിരുന്നു നീ. അവിശ്വസനീയമാം വിധം ജീവിച്ച ആത്മാവ്. അത്തരമൊരു സ്‌പെഷ്യല്‍ വ്യക്തിയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നിങ്ങളുടെ സന്ദേശങ്ങളിലും ആശ്വാസ വാക്കുകളിലും ഞാന്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്റെ പ്രിയപ്പെട്ട ഡാനി, എന്റെ വെളിച്ചമായിരുന്നു നീ. നീയില്ലാത്ത എന്റെ ലോകം ഇരുട്ടാണ്. ഞാന്‍ നിന്നെ എന്നെന്നും മിസ് ചെയ്യും’. ടോം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.