തിരുവനന്തപുരം: മരുന്ന് മണക്കുന്ന ആതുരാലയത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കോടുന്ന ലിനി…  നെഞ്ചകം നിറയെ വാത്സല്യപ്പൂക്കളായ റിതുലിന്റേയും സിദ്ധാര്‍ത്ഥിന്റേയും സുഗന്ധം തന്നെ. അമ്മയെ വഴികണ്ണുമായ് അവരും നിത്യവും കാത്തിരിക്കുന്ന നിമിഷങ്ങൾ… നിശബ്ദത പോലും നിശബ്ദമാവുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മക്കളുടെ മനസ്സിലും മരണത്തിന്റെ ഭാവമെന്താണെന്ന് മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. അമ്മയുടെ വീട്ടിലേക്കുള്ള വിരുന്ന് പോക്ക് നിലയ്ക്കുമ്പോ, സന്ധ്യനേരത്തെ് ചേര്‍ത്തു പിടിച്ചുറക്കുന്ന വളകിലുക്കം കേള്‍ക്കാതാവുമ്പോള്‍ അവരു ചോദിച്ചേക്കും അഛാ അമ്മയെന്താ വരാത്തേ…. ഇത് മരിച്ചുപോയ ലിനിക്കായി സോഷ്യൽ മീഡിയയിൽ കുറിക്കപ്പെടുന്ന തേങ്ങലുകൾ..

അന്യനെ പരിചരിച്ച് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് ചെമ്പനോട സ്വദേശി ലിനിയെന്ന മാലാഖയുടെ പേരിനെ സ്വര്‍ണ്ണലിപിയില്‍ എഴുതപ്പെട്ടപ്പോൾ നഷ്ടപ്പെട്ടത് എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ ഭാവിയാണ്…  ഭർത്താവിന് നഷ്ടപ്പെട്ടത് സ്നേഹനിധിയായ  ഭാര്യയെയാണ്… എന്നാൽ ലിനിയുടെ കുടുംബത്തോട് ചേർന്ന് കേരളം ഒന്നാകെ ഒരുമിച്ചു എന്നത് ഒരു സത്യം മാത്രം… നഷ്ടം നമ്മൾക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ മലയാളിയുടെ മനുഷ്യസ്നേഹം പല രൂപത്തിൽ ആ കുടുംബത്തിലേക്ക് ഒഴുകിയെത്തുന്നു.. നഷ്ടത്തിന് പകരം വയ്ക്കാൻ പറ്റില്ലെങ്കിലും മരണത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഉതകുന്ന നടപടികളുമായി പ്രവാസികളും…  സാമ്പത്തികമായ സഹായം നൽകി സർക്കാർ ആ കുടുംബത്തെ ഏറ്റെടുത്തു എന്നത് സന്തോഷം പ്രധാനം ചെയ്യുന്ന ഒന്നായി..

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രഖ്യാപനം…

നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്തു ലക്ഷം രൂപവീതം നല്‍കും. അഞ്ചുലക്ഷം വീതം ദൈനംദിന ആവശ്യങ്ങള്‍ക്കും അഞ്ചു ലക്ഷം വീതം സ്ഥിരനിക്ഷേപമായി നല്‍കുന്നതിനുമാണ് തീരുമാനം. ആവശ്യമെങ്കില്‍ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവച്ച നഴ്‌സാണു ലിനി. രോഗി പരിചരിച്ചതുകൊണ്ടാണ് അവര്‍ക്ക് അസുഖം വന്നതും മരിച്ചതും.

അതിനാല്‍ അവരുടെ കുടുംബത്തോടു നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. നിപ്പ വൈറസ് ബാധിച്ചതായി സംശയം തോന്നിയയുടന്‍ എന്‍സിഡിയുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു. അതിനിടെ, നിപ്പ വൈറസിനെ നേരിടാന്‍ റിബവൈറിന്‍ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആലോചിക്കാനും 25ന് സര്‍വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.