ഡോക്ടർ എ. സി. രാജീവ്‌ കുമാർ

യോഗ കൊണ്ട് മനസിനും വ്യാകരണം കൊണ്ട് ഭാഷയ്ക്കും ആയുർവ്വേദം കൊണ്ട് ശരീരത്തിനും ശുദ്ധി വരുത്തിയ പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം ഇന്ന് ലോകം അംഗീകരിക്കുന്ന ആരോഗ്യ രക്ഷാ മാർഗമായി മാറിയിട്ടുണ്ട്.

ശരീര മനസുകളുടെ ആരോഗ്യ പരിപാലനത്തിൽ യോഗാസനങ്ങൾ വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു. ധ്യാന ആസനം, വ്യായാമ ആസനം, വിശ്രമ ആസനം, മനോകായികാസനം എന്ന് നാലു തരത്തിൽ യോഗാസനങ്ങൾ തരം തിരിക്കാവുന്നതാണ്.

പത്മാസനം, വജ്രാസനം, സിദ്ധാസനം എന്നിവ ധ്യാനാസനങ്ങൾ ആകുന്നു. മേരുദണ്ഡാസനം, ശലഭാസനം, അനന്താസനം, പാവനമുക്താസനം, സേതുബന്ധ ആസനം,, തുടങ്ങിയവ പലതും നട്ടെല്ലിനും ബന്ധപ്പെട്ട പേശികൾക്കും കൈകാലുകൾക്കും ഉദരാവയവങ്ങൾക്കും വ്യായാമം നൽകുന്നവയാണ്.
ശവാസനം, മകരാസനം പോലുള്ളവ ശരീരത്തിനാകമാനവും പേശികൾ, സന്ധികൾ, നാഡികൾ എന്നിവിടങ്ങളിൽ ഉള്ള പിടുത്തം, മുറുക്കം, പിരിമുറുക്കം എന്നിവ ലഘൂകരിച്ചു വിശ്രാന്തി നൽകുന്ന വിശ്രമാസങ്ങളാണ്.

ഏകാഗ്രതയും ഉൾക്കാഴ്ചയും ഓർമ്മയും ബുദ്ധിയും ലഭ്യമാക്കുന്ന മനോകായിക യോഗാസനങ്ങളാണ് പ്രണമാസാനം ധ്യാനാസനം എന്നിവ.

ജലനേതി, വസ്തി, ധൗതി, നൗളി, കപലഭാതി, ത്രാടകം എന്നിവയാണ് ഷഡ് ക്രിയകൾ,
ഉഡ്ഡ്‌ഢിയാന ബന്ധം ഉദരാവയവങ്ങൾക്ക് ആരോഗ്യകരമാകുന്നു. ശ്വസന വ്യായാമങ്ങൾ, മാനസിക സംഘർഷം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ അകറ്റി മനസിന്റെ ശാന്തതയ്ക്ക് ഇടയാക്കുന്നതാണ്. നാഡീശോധന പ്രാണായാമം, ബസ്ത്രിക പ്രാണായാമം, കപാലഭാതി പ്രാണായാമം, ശൗച പ്രാണായാമം, സുഖപൂരക പ്രാണായാമം, സാമവേദ പ്രാണായാമം, ഭ്രമരി പ്രാണായാമം, സൂര്യഭേദി പ്രാണായാമം, ശീതളി പ്രാണായാമം, ശീൽക്കാരി പ്രാണായാമം, പ്ലാമിനി പ്രാണായാമം, ചതുർത്ഥ പ്രാണായാമം എന്നിങ്ങനെ പലതരം പ്രാണായാമങ്ങൾ പറയുന്നു.

യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധി എന്നീ എട്ടു അംഗങ്ങൾ യോഗയ്ക്ക് പറയുന്നുണ്ട്. ഇവയാണ് അഷ്ടാംഗ യോഗ എന്ന് പറയാനിടയാക്കിയത്. യമ നിയമങ്ങൾ സാമൂഹികവും വ്യക്തിപരവുമായ നന്മക്കായുള്ളവയാണ്. ഉത്തമ ജീവിതശൈലി, ആരോഗ്യരക്ഷയെ കരുതി എങ്ങനെ ജീവിക്കണം എന്ന് ഉള്ള നിർദേശങ്ങൾ യമ നിയമങ്ങളിലൂടെ നല്കുന്നു.

യോഗാസനങ്ങളുടെ പൂർണ ഫലം ലഭിക്കുവാൻ യമനിയമങ്ങൾ ശീലമാക്കുകയാണ് വേണ്ടത്. സ്ഥിരത ആർജിക്കുകയാണ് യോഗയിലൂടെ നേടുവാനാകുക. അതിനിടയാക്കുന്ന ഐക്യം, ആന്തരികവും ബാഹ്യവുമായ ഐക്യം, വ്യക്തിയും പ്രപഞ്ചവുമായുള്ള ഐക്യം, സമൂഹവുമായുള്ള ഐക്യം, ശരീര മനസുകളുടെ ഐക്യം. അതാണ് യോഗയെ ലോക ശ്രദ്ധ നേടാനിടയാക്കിയത്.

ഡോക്ടർ ശരണ്യ  യോഗയെപറ്റി പറയുന്നത് കേഴ്ക്കാം

 

 

    ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154