ന്യൂസ് ഡെസ്ക് . മലയാളം യുകെ

പുതിയതും എന്നാൽ പുതുമ നിറഞ്ഞതുമായ പ്രവർത്തനങ്ങളിലൂടെ യോർക്ഷയറിൽ മുൻനിരയിലേയ്ക്കെത്തുന്ന യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വർണ്ണാഭമായ കലാവിരുന്നോടെ സെപ്റ്റംബർ 15 -ന് ഹരോഗേറ്റിൽ നടന്നു. ഹരോഗേറ്റിലെ ബിഷപ്പ് മോൺക്ടൺ വില്ലേജ് ഹാളിൽ ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കഥയും തിരക്കഥയും സംവിധാനവും ശബ്ദവും നൽകി അഭിനയിച്ച ഓണം സ്കിറ്റ് അരങ്ങേറി. ഇതുവരെയും കാണാത്ത തീതിയിൽ അവതരിപ്പിച്ച ഓണം സ്കിറ്റ് കാണികൾക്ക് വേറിട്ടൊരനുഭവമായി മാറി. തുടർന്ന് മാവേലിയുടെ എഴുന്നള്ളത്തായിരുന്നു. താലപ്പൊലിയും ചെണ്ടമേളങ്ങളും വാളും പരിചയുമേന്തിയ കളരിപ്പയറ്റുകാരുടെയും നടുവിൽ ഓലക്കുടയും പിടിച്ച് സൈക്കിൾ ചവിട്ടിയാണ് മാവേലി ഇക്കുറിയെത്തിയത്.

ഓണാഘോഷത്തിൽ പങ്കെടുത്ത പാശ്ചാത്യ സമൂഹത്തിന് ഈ ഘോഷയാത്ര വേറിട്ടൊരനുഭവമായിരുന്നു. റിപ്പണിൽ നിന്നുള്ള ഷിജു മാത്യുവാണ് മാവേലിയായി വേഷമിട്ടത്. തുടർന്ന് നല്ലൊരു ഓണസന്ദേശം നൽകി മാവേലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചീഫ് ഗസ്റ്റുമാരായ റിച്ചാർഡ്, ഡീക്കൻ ഡേവിഡ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. അപ്രതീക്ഷിതമായ തിരക്കുകൾ മൂലം ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സിറ്റിംഗ് എംപി യോർക്ഷയർ കേരള കമ്മ്യൂണിറ്റിക് ആശംസയറിയിച്ച് അയച്ച വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക സമൂഹം പ്രവാസി മലയാളികൾക്കു കൊടുക്കുന്ന പരിഗണനയുടെ പ്രകടമായ തെളിവാണിത്.

ഓണപ്പാട്ട്, തിരുവാതിര, കോലുകളി, കൈകൊട്ടികളി, മുപ്പതോളം കുട്ടികൾ ഒരുമിച്ചവതരിപ്പിച്ച പൂവിളി നൃത്തം തുടങ്ങി ഓണത്തിൻ്റെ ഓർമ്മ മലയാളികളുടെ മനസ്സിൽ നിലനിർത്തുന്ന കലാവിരുന്നാണ് സ്‌റ്റേജിൽ അരങ്ങേറിയത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയായിരുന്നു. ഓണസദ്യയ്ക്ക് ശേഷം വിശാലമായ ഗ്രൗണ്ടിൽ കായിക മത്സങ്ങൾ നടന്നു. മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള മത്സരങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്.
വടംവലി, ഉറിയടി തുടങ്ങിയ പരമ്പരാഗതമായ മത്സരങ്ങളാണ് ഏറ്റവും കൂടുതൽ ആസ്വാദന സുഖമുണ്ടാക്കിയത്.

പ്രത്യേകം ക്ഷണിതാക്കളായ പ്രാദേശിക സമൂഹം മലയാളികളേക്കാൾ കൂടുതൽ ആവേശത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളുടെ വടം വലി മത്സരത്തിൽ ആവേശം മൂത്ത് ഒരു ഇംഗ്ലീഷ് പെൺകുട്ടി ഉടുത്തിരുന്ന സാരി പുരുഷന്മാർ മുണ്ട് മടക്കിക്കുന്നതുപോലെ മടക്കിക്കുത്തി വടം വലിക്കിറങ്ങിയത് കാണികൾക്ക് കൗതുകവും മത്സരാർത്ഥികൾക്ക് ആവേശവും പകർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സര വിജയികൾക്ക് ഡോ. റിച്ചാർഡ് സമ്മാനദാനം നിർവ്വഹിച്ചു. ചുവന്ന കാർപ്പെറ്റിലൂടെ നടന്ന് വന്ന് പോടിയത്തിൻ്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിന്നുകൊണ്ട് സമ്മാനങ്ങൾ വാങ്ങിയ വിജയികൾക്ക് അതൊരു പ്രത്യേക അനുഭവം തന്നെയായിരുന്നു. തുടർന്ന് യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് നന്ദി പ്രസംഗം നടത്തി. 6.30 തോടു കൂടി. യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.

യോർക്ഷയർ കേരള കമ്മ്യൂണിറ്റിയെ നയിക്കുന്നവർ ഇവരാണ്. ബിനോയ് അലക്സ് ( പ്രസിഡൻ്റ്, സിനി ജയൻ (സെക്രട്ടറി) ജോഷി ജോർജ്ജ് (ട്രഷറർ), ഗ്ലാഡിസ് പോൾ (ജോയിൻ്റ് സെക്രട്ടറി) കുര്യൻ പൈലി (ജനറൽ കോർഡിനേറ്റർ) കൂടാതെ ഈവൻ്റ് കോർഡിനേറ്ററുമാരായ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവരാണ് യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയുടെ നെടുംതൂണുകൾ.