ജോസ് ജെ. വെടികാട്ട്

പരസ്പരം നമ്മളവരെ നമ്മളായ് തന്നെ കരുതിയെങ്കിലും, അവരുടെ ദു:ഖത്തിൽ നമ്മൾക്ക് കരച്ചിൽ വന്നെങ്കിലും , നമ്മൾ പുറമേ ചിരീച്ചു നടന്നു!  ജീവിതത്തിന്റെ  പുറം മോടിക്കായ് നമ്മുടെ കരച്ചിൽ വഴിമാറിയതു പോലെ!

പരസ്പരം മനസ്സിലാക്കാൻ കഴിയുമെന്ന് സാന്ത്വനിച്ച് അനുരഞ്ജന സംഭാഷണങ്ങൾക്ക് നാം മുതിർന്നില്ല!                               സ്വയം രക്ഷപെടട്ടെ അവർ എന്നോർത്ത് നമ്മളുടെ രക്ഷാകരങ്ങൾ അവർക്ക് നേരെ നീട്ടിയില്ല!                 

ഒരു ദു:ഖഗർത്തതിലാണ് അവർ എന്ന കാര്യം നാം വിസ്മരിച്ചു കാരണം നമ്മൾ അതേ പോലൊരു ഗർത്തതിലാണ് കഴിയുന്നത് സ്വയം വിസ്മരിച്ച്!

ഒരു ജീവിതസമവാക്യം അനിവാര്യമായ് രൂപീകരിച്ച് നാം കഴിയുന്നു, ആ സമവാക്യത്തിൽ എത്താൻ നാം സ്വാർത്ഥപരമായ് കൂട്ടിയും കിഴിച്ചും നോക്കുന്നു! ആ മനോഗണിതത്തിനനുസരിച്ച് മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നാം തീരുമാനിക്കുന്നു! നമ്മുടെ സ്നേഹ താത്പര്യങ്ങൾ നാം അളന്നു തൂക്കി അവർക്ക് വില്ക്കുന്നു, ലാഭലോഭങ്ങൾ നോക്കി!

അന്യവത്ക്കരണത്തിൽ നമ്മുടെ ഹൃദയം സ്വാർത്ഥതയുടെ മുള്ളുകളാൽ മുറിഞ്ഞ് നിണമണിയുന്നെങ്കിലും നമ്മൾ അത് ഗൗനിക്കുന്നില്ല!

ഈ ജീവിതസമവാക്യത്തിനു വേണ്ടി നമ്മൾ അസമവാക്യങ്ങളെ അനിവാര്യതയുടെ ഇരുമ്പു കൂട്ടിലടക്കുന്നു , മനസ്സാക്ഷിയെ വഞ്ചിച്ച് അവ മറന്നു കളയുന്നു !

അവർ പരാജയത്തിന്റെ കയ്പു നുണഞ്ഞപ്പോൾ പരാജയത്തിലും സ്വയമവർ ജയിക്കട്ടെ , നിർബന്ധശ്രമമായ് മനസ്സിന്റെ മഥനത്തിൽ മനനമായ് അവരുടെ ജയമുണരട്ടെ എന്ന് നമ്മൾ അവസരവാദം ഘോഷിച്ചു !       ജീവിതവിജയത്തിനായ്  ക്ലേശത്തിന്റെ എവറസ്റ്റ് കൊടുമുടി തരണം ചെയ്യേണ്ടി വന്നാലും അവർ പറയണം ജീവിതമെത്ര ശോഭനം മോഹനം എന്ന് നാം ശഠിച്ചു !     അവരെ നമ്മോടു തുല്യരാക്കാൻ അവരുടെ സർഗ്ഗാത്മകതക്കു നേരെ നമ്മൾ കണ്ണടച്ചു , അത് നമ്മുടെ ആവശ്യമാണ് !

യോഗാത്മകമായ് ധ്യാനത്തിൽ നിമഗ്നമായാലേ നമ്മൾക്കീ ജീവിതസമവാക്യം  പരസഹായം കൂടാതെ ശരിയാക്കാൻ പറ്റൂ  !

എങ്കിലേ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ !   അല്ലെങ്കിൽ ജീവിതവ്യഥയുടെ കൂർത്ത കൊളുത്തുകളാൽ കൊത്തിവലിക്കപ്പെട്ട് വേദനിച്ചു നീറും !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .