ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെയില്‍ വാഹനമോഷണം പെരുകുന്നു. കോമേഷ്യല്‍ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള മോഷണ പരമ്പരയില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് യോര്‍ക്ഷയറിലെ കീത്തിലിയില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റോബിന്‍ റഫ്രിജനറേഷന്‍ കമ്പനിയുടെ ലൂട്ടണ്‍ വാനാണ്. കമ്പനിയുടമയുടെ വീടിന് മുമ്പിലുള്ള വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ഇക്കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ 2.37 ന് മുഖം മൂടിയണിഞ്ഞ മൂന്നംഗ സംഘമെത്തി മോഷ്ടിക്കുകയായിരുന്നു. വളരെ പ്ലാന്‍ഡായിട്ടുള്ള ഒരു മോഷണമായിരുന്നു എന്നത് CCTV ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദൂരത്ത് നിന്നുള്ള ദൃശ്യങ്ങളായിരുന്നതുകൊണ്ട് മോഷ്ടാക്കളുടെ രൂപം വ്യക്തമല്ല. പുലര്‍ച്ചെ 2.37 ന് മൂന്നു പേരടങ്ങുന്ന സംഘമെത്തി വാന്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേര്‍ വാഹനത്തിനുള്ളില്‍ കയറി വാന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചുപോയി. മൂന്നാമത്തെയാള്‍ ഇരുട്ടിലേയ്ക്ക് ഓടി മറയുകയും ചെയ്തു.
വെറും മൂന്ന് മിനിറ്റിനുള്ളില്‍ സംഭവിച്ച ഈ മോഷണ പ്രക്രിയയില്‍ ഒരു പാട് ദുരൂഹതകളുണ്ട്. ഒറിജിനല്‍ താക്കോലുമായി വാഹന ഉടമ വാന്‍ തുറക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് സ്പീടിലാണ് മോഷ്ടാക്കളെത്തി വാഹനം തുറന്നത്. ഇത്ര എളുപ്പത്തില്‍ തുറക്കാന്‍ വാഹനത്തിന്റെ താക്കോല്‍ മോഷ്ടാക്കള്‍ക്ക് എവിടെ നിന്നു കിട്ടി? ഓരോ വാഹനത്തെക്കുറിച്ചും അതിന്റെ സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരു ലോബി പുറത്തുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. അടുത്ത കാലത്ത് യുകെയില്‍ നടന്ന വാഹനമോഷണങ്ങള്‍ സമാന സ്വഭാവത്തിലുള്ളതാണെന്ന് പോലീസും സമ്മതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നൂറോളം കോമേഷ്യല്‍ വാഹനങ്ങളാണ് യുകെയില്‍ നിന്നും മോഷണം പോയത്.
പോലീസില്‍ വിവരമറിയ്‌ച്ചെങ്കിലും സംഭവസ്ഥലത്ത് പോലീസ് എത്തുകയോ മോഷണവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള അന്വേഷണവും നടത്തുകയോ ചെയ്തില്ല. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഫോണിലൂടെ കേട്ടതിന് ശേഷം ക്രൈം നമ്പര്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടാന്‍ പറഞ്ഞതിനപ്പുറം ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
അടുത്ത കാലത്തായി യുകെയില്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. വാഹനങ്ങള്‍ മാത്രമല്ല സ്വര്‍ണ്ണവും പണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങള്‍. ഒന്നിനും ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഇതിനോടകം മലയാളം യുകെ ന്യൂസ് പുറത്തുവിട്ടിരുന്നു. സ്വയം സൂക്ഷിക്കുക.
Leave a Reply