പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. ലണ്ടനിലെയും സ് കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിലെത്തുന്ന തൃശൂർ നേന്ത്രപ്പഴം ചില്ലറക്കാരനല്ല

പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. ലണ്ടനിലെയും  സ് കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിലെത്തുന്ന തൃശൂർ നേന്ത്രപ്പഴം ചില്ലറക്കാരനല്ല
April 14 12:34 2021 Print This Article

ലണ്ടനിൽ നല്ല തൃശൂർ നേന്ത്രപ്പഴം വിൽപ്പനയ്ക്ക് .കേരള മണ്ണിന്റെ രുചിയും മണവും ചന്തവും ഒത്തിണങ്ങിയ നല്ല നേന്ത്രക്കായുടെ ഒരു മാസം നീണ്ട കടൽയാത്ര ഫലിക്കുമോയെന്ന ആശങ്കയിലായിരുന്നു വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള(വിഎഫ്പിസികെ) 25 ദിവസത്തെ കടൽയാത്രയും അതിന്റെ ക്ഷീണവും കഴിഞ്ഞ് ഇന്നലെ പഴുക്കവച്ച കായ്കൾ ഇന്നുമുതൽ ലണ്ടനിലെയും സ് കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിൽ എത്തും, മലയാളികൾക്കായി.

ഒരു വർഷം മുൻപു വിത്തു തിരഞ്ഞെടുത്തപ്പോൾ മുതൽ വാഴക്കുല പായ്ക്കു ചെയ്യുന്നതുവരെ പ്രത്യേക നിഷ്കർഷയോടെ കൃഷിചെയ്തെടുത്ത കായ്കളാണിത്. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. രാസവളമില്ല, പൂർണമായും ജൈവ കൃഷി.

വിഎഫ്പിസികെയും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിലാണു 10 ടൺ നേന്ത്രൻ കയറ്റിയച്ചത്. ഒരു മാസം നീളുന്ന കടൽ യാത്രയിൽ നേന്ത്രൻ എന്തു പരുവമാകുമെന്ന് ഉറപ്പില്ലായിരുന്നു.

പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിലാണു കയറ്റിവിട്ടത്. ലണ്ടനിലെ ഗേറ്റ് വേ തുറമുഖത്തു കയറ്റുമതി ഏജന്റ് ചരക്കു സ്വീകരിച്ചു. പഴുപ്പിക്കാൻ വച്ച നേന്ത്രനു നാട്ടിലെ അതേ രൂചിയും ഭംഗിയുമുണ്ട്. വാഴപ്പഴം സുലഭമായി ലഭിക്കുമെങ്കിലും കേരളത്തിലെ നേന്ത്രപ്പഴം വ്യാപകമായി വിദേശത്തു ലഭിക്കാറില്ല. എയർകാർഗോ ആയി അധികം കയറ്റി അയയ്ക്കാൻ കഴിയാത്തതുമൂലം വിദേശത്തു നേന്ത്രപ്പഴത്തിനു വലിയ വിലയുമാണ്.

കപ്പൽ പരീക്ഷണം വിജയിച്ചതോടെ ഇനി യൂറോപ്പിലേക്കു വ്യാപകമായി നേന്ത്രപ്പഴം കയറ്റിയയയ്ക്കാം.കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ കപ്പൽമാർഗം നേന്ത്രക്കായ് അയക്കുന്നുണ്ട്. ഇതിനു 10–15 ദിവസം മതിയാവും. യൂറോപ്പിലേക്കു കൂടുതൽ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതു നേന്ത്രക്കായ് കർഷകർക്കു വിദേശ മലയാളികൾക്കും ഗുണകരമാണെന്നും വിഎഫ്പിസികെ സിഇഒ വി. ശിവരാമകൃഷ്ണൻ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles