ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭവന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് അപേക്ഷകർക്ക് തങ്ങളുടെ വാർഷിക വരുമാനത്തിന്റെ ആറിരട്ടി വരെ ലോൺ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു . ആദ്യമായി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്ക് ഇത് കൈത്താങ്ങാകുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്. ഭവന വിപണിയിൽ കൈപൊള്ളുന്ന രീതിയിൽ വില കുതിച്ചുയർന്നത് പലരുടെയും ഒരു സ്വന്തം ഭവനം എന്ന സ്വപ്നത്തിന് മങ്ങൽ ഏൽപ്പിച്ചിരുന്നു.


രാജ്യവ്യാപകമായി നേഷൻവൈഡ് ആണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി വാർഷിക വരുമാനമായി 50000 പൗണ്ട് സമ്പാദിക്കുന്ന ദമ്പതികൾക്ക് 300,000 പൗണ്ട് വരെ വായ്പയായി ലഭിക്കും. നിലവിൽ രാജ്യത്ത് ഒരു വീടിൻറെ ശരാശരി വില 282 ,000 പൗണ്ട് ആണെന്ന വസ്തുത കൂടി പരിശോധിക്കുമ്പോൾ ഈ പുതിയ നീക്കം ഒട്ടേറെ പേർക്ക് സഹായകരമായി തീരുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണയായി മോർട്ട്ഗേജ് കമ്പനികൾ വാർഷിക വരുമാനത്തിന്റെ 4 മുതൽ 5 ഇരട്ടി വരെയായിരുന്നു പണം കടം കൊടുത്തിരുന്നത്.


മൂന്ന് വർഷം മുമ്പ് 2021- ൽ ആരംഭിച്ച ഹെൽപ്പിംഗ് ഹാൻഡ് മോർട്ട്ഗേജ് സ്കീമിലൂടെ ഇതിനകം 40,000 ആളുകൾക്ക് പുതിയതായി വീട് വാങ്ങാൻ സാധിച്ചതായി നാഷണൽ വൈഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഡെബി ക്രോസ്ബി പറഞ്ഞു. വാർഷിക വരുമാനത്തിന്റെ ആറിരട്ടി വായ്പ നൽകുന്ന പദ്ധതി കൂടുതൽ ആളുകൾക്ക് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലണ്ടൻ, സൗത്ത് വെസ്റ്റ് തുടങ്ങിയ പോലുള്ള ഉയർന്ന ഭവന വില നിലനിൽക്കുന്ന സ്ഥലങ്ങളിൽ വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി അനുഗ്രഹപ്രദമാകും. യുകെയിലെ ശരാശരി വീട് വില 282, 000 പൗണ്ട് ആണെന്നിരിക്കെ ലണ്ടനിൽ അത് 687,000 പൗണ്ടില്‍ കൂടുതലാണ്. പുതിയ മോർട്ട്ഗേജ് പദ്ധതിയിലൂടെ ആദ്യമായി ഭവന വിപണിയിൽ പ്രവേശിക്കുന്നവർക്ക് അവരുടെ സാമ്പത്തികഭാരം ലഘൂകരിക്കാനും ഉയർന്ന വീട് വില നില നിൽക്കുമ്പോഴും തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.