ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: സങ്കീർണ്ണമായ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള യുവാക്കളെ ഇംഗ്ലണ്ടിലെ കുട്ടികളുടെ വാർഡുകളിൽ പാർപ്പിക്കുന്നതിലൂടെ കാര്യമായ അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി. ഹെൽത്ത് കെയർ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിൽ (എച്ച്എസ്ഐബി) നിന്നാണ് മുന്നറിയിപ്പ്. കുട്ടികളുടെ വാർഡിൽ മാസങ്ങളോളം ചെലവഴിച്ച 16 വയസ്സുള്ള ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നു. തുടർന്ന് സമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരവധി ആളുകൾ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ വാർഡുകളിൽ മാനസികാരോഗ്യ രോഗികളെ കിടത്തുന്നത് സുരക്ഷാവശം അനുസരിച്ച് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം.

പീഡിയാട്രിക് വാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ശാരീരിക ആരോഗ്യ ആവശ്യങ്ങൾ മാത്രമുള്ള രോഗികളെ പരിചരിക്കുന്നതിനാണ്, അല്ലാതെ മാനസികാരോഗ്യ ആവശ്യങ്ങളുള്ളവരെ പരിപാലിക്കാൻ വേണ്ടിയല്ലെന്ന് ഗവൺമെന്റ് സ്ഥാപനമായ എച്ച്എസ്ഐബി മേധാവികൾ പറയുന്നു. അവർ സന്ദർശിച്ച 18 ആശുപത്രികളിലെയും സാഹചര്യം സമാനമാണെന്നും കുട്ടികൾക്ക് കനത്ത വെല്ലുവിളിയാണിത് സൃഷ്ടിക്കുന്നതെന്നും അവർ പറഞ്ഞു. വിവിധങ്ങളായ വൈകല്യങ്ങളെയും ഓട്ടിസം പോലുള്ള ആരോഗ്യ പ്രശ്നങ്ങളും കുട്ടികളിൽ നിലവിൽ വർദ്ധിച്ചു വരികയാണ്. ഇതിനെ ഒക്കെ മുൻ നിർത്തിയാണ് നിലവിൽ നടപടി.

അതേസമയം, മാനസികമായി ചെറുതും വലുതുമായ പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ സഹായിക്കാനും ചികിത്സിക്കാനും ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രൊജക്ടുകൾ വരുന്നുണ്ട് എന്നാണ് എൻ എച്ച് എസ് വാദം. പീഡിയാട്രിക് വാർഡിലെ ഒരു ചെറുപ്പക്കാരനായ രോഗി തങ്ങളെയും ജീവനക്കാരെയും ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് എച്ച്എസ്ഐബി അന്വേഷണം ആരംഭിച്ചത്. കുട്ടി മാനസികാരോഗ്യ പരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്നു. അവൻ വാർഡിൽ നിന്ന് ഒളിച്ചോടുകയും രണ്ട് തവണ മയക്കുമരുന്ന് അമിതമായി കഴിക്കുകയും ചെയ്തു. നിലവിൽ സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്.