തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ രംഗത്തെത്തി. “ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, മൂന്നാണെങ്കിൽ അത് മാനസിക വൈകൃതമാണ്” എന്ന വാക്കുകളോടെ ഫേസ്ബുക്കിൽ പ്രതികരിച്ച സജന, തുടർച്ചയായ ലൈംഗിക കുറ്റകൃത്യങ്ങൾ ഗുരുതര മാനസിക വൈകൃതത്തിന്റെ സൂചനയാണെന്നും ആരോപിച്ചു. സ്ത്രീപക്ഷ നിലപാട് എടുത്തതിന്റെ പേരിൽ പാർട്ടിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നും സജന വ്യക്തമാക്കി.
ഇതിനിടെ, തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് സൗഹൃദം ആരംഭിച്ചതെന്നും, അവർ വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമാണ് പരാതിക്കു പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി തന്നെയാണെന്നും അവിടെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം, എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതി നൽകിയ മൊഴിയിലെ ഗുരുതര വിവരങ്ങൾ പുറത്തുവന്നു. വിവാഹവാഗ്ദാനം നൽകി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ അപമാനിക്കപ്പെട്ടതായും, ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ സഹകരിച്ചില്ലെന്നും യുവതി വ്യക്തമാക്കി. ഗർഭം പിന്നീട് അലസിപ്പോയതായും മൊഴിയിലുണ്ട്. രാഹുലിന്റെ ജാമ്യഹർജി നാളെ കോടതി പരിഗണിക്കും. എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന വിഷയത്തിൽ നിയമസഭയും ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.











Leave a Reply