തിരുവനന്തപുരം ജില്ലയിലെ വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കൽ കടവിൽ വ്യാഴാഴ്ച രാവിലെ ഒമ്പതരമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരൃവനന്തപുരം വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം വാധ്യാരുകോണത്ത് തടത്തരികത്തുവീട്ടിൽ വിനേഷ് (33) ആണു സദിയിൽ മുങ്ങി മരിച്ചത്.
പറണ്ടോട് പുറുത്തിപ്പാറ അംബേദ്കർ കോളനിയിൽ നടന്ന ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിനേഷ്. ഇവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായാണ് കൺവെൻഷന് എത്തിയവർ താമസിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്തെ കിണറുകളിൽ കടുത്ത വേനൽ കാരണം വെള്ളമുണ്ടായിരുന്നില്ല. വെള്ളമില്ലാത്തതിനാൽ വിനേഷ് ഉൾപ്പെടെയുള്ളവർ കുളിക്കാൻ വാമനപുരം നദിയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുതിർന്നവരും കുട്ടികളുമടക്കം 15 പേരടങ്ങുന്ന സംഘം താവയ്ക്കലിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
വെള്ളച്ചാട്ടത്തിനു താഴെയുള്ള കടവിൽ കുളിക്കവേയാണ് വിനേഷ് മുങ്ങിത്താഴ്ന്നത്. ഇയാൾക്കോ കൂടെയുള്ളവർക്കോ നീന്തൽ അറിയുമായിരുന്നില്ലെന്നാണ് വിവരം. വിനേഷ് മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവർ നിലവിളിച്ചെങ്കിലും നീന്തൽ അറിയാവുന്ന ആരും തന്നെ അടുത്തല്ലാത്തതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.
ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി ഓടിയെത്തി കടവിൽനിന്നു ദൂരെയുള്ള വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ ആറ്റിലിറങ്ങി ബുദ്ധിമുട്ടി വിനേഷിനെ പുറത്തെത്തിച്ചു. ആ സമയത്ത് പെൺകുട്ടി അറിയിച്ചതനുസരിച്ച് നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ വിതുര താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.പിരപ്പൻകോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച വിനേഷ്. വിൽസണും എസ്തറുമാണ് മാതാപിതാക്കൾ. വിജേഷാണ് വിനേഷിൻ്റെ സഹോദരൻ.