മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജപരിശോധനാഫലങ്ങൾ നൽകി രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വ്യാജഡോക്‌ടറെ മറ്റു ഡോക്‌ടർമാർ പിടികൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലാണ് (22) പിടിയിലായത്. വാർഡുകളിൽ കൂട്ടിരിപ്പുകാരില്ലാതെ കഴിയുന്ന രോഗികളോട്‌ ഡെർമറ്റോളജി വിഭാഗം പി.ജി വിദ്യാർത്ഥിയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

രക്തപരിശോധനയ്‌ക്കുള്ള സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ നൽകി പരിശോധനാഫലം രോഗികൾക്ക് നൽകുമ്പോൾ മാരകരോഗമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു തട്ടിപ്പ്. തുടർപരിശോധനയ്ക്കും ചികിത്സയ്ക്കും വളരെയധികം ചെലവുണ്ടെന്നുപറഞ്ഞ് അവരിൽ നിന്ന് പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു രീതി. സ്റ്റെതസ്കോപ്പുള്ളതിനാൽ വാർഡുകളിൽ കറങ്ങി നടക്കുമ്പോഴും ആർക്കും സംശയം തോന്നിയില്ല.

ആശുപത്രിയിലെ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലാബുകളിലെ റിസൾട്ടുകളാണ് ഇയാൾ രോഗികൾക്ക് തിരികെ നൽകിയിരുന്നത്. പരിശോധനാഫലത്തിലെ ഗുരുതരമായ തെറ്റ് യൂണിറ്റ് ചീഫ് ഡോ. ശ്രീനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം. മിക്ക ദിവസവും വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ പരിശോധന കഴിഞ്ഞശേഷമാണ് വ്യാജൻ എത്തിയിരുന്നത്. തെറ്റായ പരിശോധനാഫലം നൽകിയശേഷം വൃക്ക മാറ്റിവയ്‌ക്കേണ്ടിവരുമെന്നും തുടർപരിശോധനയ്‌ക്ക് കൂടുതൽ പണം കരുതണമെന്നും മൊബൈലും ബൈക്കും വിറ്റ് അത് കണ്ടെത്താമെന്നുമാണ് ഇയാൾ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു രോഗിയുടെ പരിശോധനാഫലത്തിലുണ്ടായ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വ്യാജനെ കണ്ടെത്താൻ ഡോക്‌ടർമാർ തീരുമാനിച്ചത്. തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ വാർഡിൽ എത്തിയപ്പോൾ പിടികൂടിയത്.

ഡോക്‌ടർമാരുടെ ലെറ്റർഹെഡ് ഉൾപ്പെടയുള്ളവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റത്തിന് കേസെടുക്കുമെന്ന് മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ പറഞ്ഞു. ഇയാൾക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരെ കുറിച്ചും അന്വേഷണം നടത്തും. ആരൊക്കെ സഹായിച്ചു രോഗികൾക്ക് ഇയാൾ കൈമാറിയ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ പരിശോധനാഫലങ്ങൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയതാണോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ, ലാബ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാസംവിധാനമുള്ള ആശുപത്രിയിൽ പാസില്ലാതെ ഒരാൾക്ക് പോലും കയറാൻ കഴിയില്ല. സന്ദർശനസമയത്ത് പോലും പ്രവേശനം പരിമിതമായ ഇവിടെ വ്യാജ ഡോക്ടർ സ്വൈരവിഹാരം നടത്തിയിട്ടും ആരുമറിഞ്ഞില്ലെന്നത് സുരക്ഷാ പാളിച്ചയിലേക്ക് വിരൽചൂണ്ടുന്നു.