നിര്‍ഭയ കേസ് പ്രതികളെ നാളെ രാവിലെ അഞ്ചരയ്ക്കുതന്നെ തൂക്കിലേറ്റും. മരണവാറന്റ് സ്റ്റേ ചെയ്യാതെ ഡല്‍ഹി കോടതി. വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഉത്തരവ്.

വിചാരണ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിചാരണക്കോടതിയിലും ഹൈക്കോടതിയും ഇക്കാര്യം വിശദമായി പരിശോധിച്ചതാണെന്നും ഒരു പുനഃപരിശോധനയുടെ ആവ്യമില്ലെന്നും കോടതി വിലയിരുത്തി. പുനഃപരിശോധനാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സ്വമേധയാ നല്‍കിയതല്ലെന്ന മുകേഷ് സിങ്ങിന്റെ വാദവും കോടതി നിരസിച്ചു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹർജിയിൽ പറഞ്ഞിരുന്നത്.

വധശിക്ഷ നാളെത്തന്നെ നടപ്പാക്കാമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വാദിച്ചു. അക്ഷയ്സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി.

നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞു. ആ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും കഴിഞ്ഞു. വധശിക്ഷ നാളെ രാവിലെ 5.30ന് തന്നെ നടപ്പാക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയ കുറക്കുവഴികള്‍ തേടുകയാണ് പ്രതികള്‍. അതിന്‍റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ്. ഇതില്‍ നോട്ടീസയച്ചാല്‍ അക്കാര്യം വിചാരണക്കോടതിയില്‍ ഉയര്‍ത്തി വധശിക്ഷയ്ക്ക് സ്റ്റേ വാങ്ങാനായിരിക്കും ശ്രമം.

വഴിമുട്ടാതെ അന്വേഷണം………!

സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡൽഹി പൊലീസിനായി. തുടക്കത്തിൽ കേസിൽ ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ല; തെളിവുകളും. നിർഭയയും ആൺ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിൽ, ഓടുന്ന ബസിലാണ് ആക്രമണം നടന്നതെന്നു കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തിൽ വഴിത്തിരിവായി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു.

പിന്നാലെ കേസിൽ മുഖ്യപ്രതികളിലൊരാളായ റാം സിങ് പിടിയിലായി. സംഭവ സമയം ബസ് ഓടിച്ചിരുന്നതു താനാണെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിനു പിന്നാലെ തെളിവുകൾ ഓരോന്നായി പുറത്തുവന്നു. പ്രതികളിലൊരാളായ അക്ഷയ് ഠാക്കുർ ബിഹാറിലെ ഒൗറംഗാബാദിൽ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചു. ഇയാളെ പിടികൂടാൻ അവിടുത്തെ പൊലീസിന്റെ സഹായം ലഭിച്ചില്ല. അന്വേഷണസംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലേക്കു കടന്ന മറ്റൊരു പ്രതിയെ അവിടെവച്ച് അറസ്റ്റ് ചെയ്തു.

കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ഒരുകാരണവശാലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പഴുതുകളടച്ചാണു കുറ്റപത്രം തയാറാക്കിയത്. നിർഭയയെ അവസാനം ചികിൽസിച്ച സിംഗപ്പൂർ ആശുപത്രിയിലെ ഡോക്ടർമാരിൽനിന്നു തെളിവുകൾ ശേഖരിച്ചു കേസ് ശക്തമാക്കി.

2013 ജനുവരി 17

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.

2013 മാർച്ച് 11

മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു.