കൊച്ചി ∙ മാട്രിമോണി വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി ഗുരുവായൂർ മുണ്ടത്തറ ജെറീഷിന് (ജിതിൻ–31) വിചാരണക്കോടതി 10 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. കൊച്ചിയിലെ ഒരു മാളിൽ ടാറ്റൂക്കട നടത്തുന്ന പ്രതി ജെറീഷ് വിവാഹ വാഗ്ദാനം നൽകി യുവതിയുമായി അടുപ്പത്തിലായി. 2015 സെപ്റ്റംബർ 16 നു മാതാപിതാക്കളുമായി സംസാരിക്കാമെന്നു പറഞ്ഞു പ്രതിയുടെ ഇടപ്പള്ളി അഞ്ചുമനയിലെ വാടകവീട്ടിലേക്കു യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

ഒളിക്യാമറയിൽ പീഡന ദൃശ്യങ്ങൾ പകർത്തിയ ജെറീഷ് അതു കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയെ ഒരിക്കൽക്കൂടി പീഡിപ്പിച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി വാടകയ്ക്കു താമസിക്കുന്ന ഫ്ലാറ്റിലെത്തിയായിരുന്നു രണ്ടാമത്തെ പീഡനം. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

  പത്താം ക്ലാസില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്കാരനായി; സ്റ്റേജ് ഷോയ്ക്കിടെ ഒളിച്ചോടി പോയി വിവാഹം കഴിച്ചു, സംഗീത് എന്ന ശശാങ്കന്‍ പറയുന്നു

ജില്ലാ അഡീ.സെഷൻസ് ജഡ്ജി കെ.എസ്.ശരത്ചന്ദ്രനാണു പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ എം.ഡി.സുനി ഹാജരായി. എറണാകുളം നോർത്ത് ഇൻസ്പെക്ടറായിരുന്ന വൈ.നിസാമുദീനാണു കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 21 സാക്ഷികളെ വിസ്തരിച്ച കോടതി 42 രേഖകളും 9 തൊണ്ടി മുതലുകളും പരിശോധിച്ചു.