ഫ്ലോറിഡ: നാലുവർഷത്തോളമായി നീണ്ടുനിൽക്കുന്ന റഷ്യ–ഉക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താനുള്ള ചർച്ചകൾക്കായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അമേരിക്കയിലെത്തുന്നു. ഞായറാഴ്ച ഫ്ലോറിഡയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് നിർണായക കൂടിക്കാഴ്ച നടക്കുക. യുഎസ് ഭരണകൂടം മുന്നോട്ടുവെച്ച 28 ഇനങ്ങളടങ്ങിയ ഒത്തുതീർപ്പ് വ്യവസ്ഥകളാണ് ചർച്ചയുടെ മുഖ്യ അജണ്ടയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി എക്സിലൂടെ സ്ഥിരീകരിച്ചു. “പുതുവർഷത്തിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ” എന്നാണ് സെലെൻസ്‌കിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നടത്തുന്ന സമാധാന നീക്കങ്ങളിൽ ഏറ്റവും നിർണായകമായ ചുവടുവെപ്പായി ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാധാന ചർച്ചകൾക്ക് ശ്രമങ്ങൾ ശക്തമാകുന്നതിനിടെയും ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ നഗരത്തിൽ നിരവധി ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ മിസൈലുകളും ഡ്രോണുകളും നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉക്രേനിയൻ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റഷ്യൻ ഡ്രോണുകൾ നീങ്ങുന്നുണ്ടെന്ന വ്യോമസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.