ടെക്‌സാസ്: കടയില്‍ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട യുവതി വിലങ്ങില്‍ നിന്ന് കൈ മോചിപ്പിച്ച ശേഷം പോലീസ് വാഹനവുമായി കടന്നു. ടെക്‌സാസിലെ ആന്‍ജലീനയിലാണ് സംഭവം. വിലങ്ങണിയിച്ച് പോലീസിന്റെ എസ്‌യുവിയില്‍ ഇരുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെയായിരുന്നു യുവതി വാഹനവുമായി കടന്നത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതെയാണ് 33കാരിയായ ടോഷ്ച ഫേ സ്‌പോണ്‍സ്ലര്‍ എന്ന യുവതി കൈവിലങ്ങില്‍ നിന്ന് കൈ ഊരിയെടുത്തതും വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നതും.

വാഹനത്തിലെ ക്യാമറയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് 100 മൈലോളം വേഗതയില്‍ വാഹനമോടിച്ച യുവതിയെ പിന്തുടര്‍ന്ന് പിടിക്കാന്‍ പോലീസിന് കുറച്ചൊന്നുമല്ല വിയര്‍ക്കേണ്ടി വന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു തോക്ക് കൈവശപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ വന്നതോടെയാണ് വാഹനമെടുത്ത് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ടയറുകള്‍ പങ്ചറാക്കി ഇവരെ പിടികൂടാന്‍ സ്ഥാപിച്ച സ്‌പൈക്ക് സ്ട്രിപ്പില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടു.

23 മിനിറ്റോളം പോലീസ് ഇവരെ പിന്തുടര്‍ന്നു. എസ്‌യുവി ഒരു മരത്തില്‍ ഇടിച്ച് മറിഞ്ഞതിനു ശേഷമാണ് ഇവരെ പിടിക്കാനായത്. വാഹനമോടിക്കുന്നതിനിടയിലും അതിനുള്ളില്‍ ലോക്ക് ചെയ്തുവെച്ചിരുന്ന ഷോട്ട്ഗണ്‍ എടുക്കാന്‍ സ്ത്രീ ശ്രമിക്കുന്നുണ്ടായിരുന്നു. ഇടിച്ചു മറിഞ്ഞ വാഹനം പല തവണ കരണം മറിഞ്ഞു.

വീഡിയോ കാണാം