കൊളംബിയ: സിക വൈറസ് ദക്ഷിണ അമേരിക്കയിലാകെ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേരിലേക്ക് ഇത് പകരുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തലവേദനയും സന്ധി വേദനയുമാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ ഈ വൈറസ് ബാധയുണ്ടായാല്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനും പ്രശ്‌നങ്ങളുണ്ടാകാം. മൈക്രോസെഫാലി അഥവാ തലച്ചോറ് ചുരുങ്ങിയ നിലയിലുള്ള കുഞ്ഞുങ്ങലുടെ ജനനം പോലുളള പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊളംബിയ, ബ്രസീല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം തന്നെ ആയിരക്കണക്കിന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. ബ്രസീലില്‍ ഒക്ടോബറിന് ശേഷം ജനിച്ച നാലായിരത്തോളം കുഞ്ഞുങ്ങള്‍ക്ക് മൈക്രോസെഫാലി സ്ഥിരീകരിച്ചിട്ടുണ്ട്. 2014ല്‍ ഈ പ്രശ്‌നമുളള 150 കുഞ്ഞുങ്ങള്‍ മാത്രമാണ് ആകെയുണ്ടായത്.
രോഗം നിയന്ത്രണവിധേയമായിക്കഴിഞ്ഞ് ആറ് മുതല്‍ എട്ട് മാസം വരെ കഴിഞ്ഞ് മാത്രം ഗര്‍ഭം ധരിച്ചാല്‍ മതിയെന്ന ഒരു നിര്‍ദേശം കൊളംബിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നവജാത ശിശുക്കളില്‍ ആര്‍ക്കും ഇതുവരെ പ്രശ്‌നമുളളതായി കൊളംബിയയില്‍ നിന്ന് റിപ്പോര്‍ട്ടില്ല. ഇവിടെ ഇതുവരെ 13500 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഇതില്‍ 560 പേര്‍ ഗര്‍ഭിണികളാണ്.

ലാറ്റിനമേരിക്കയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് കൊളംബിയയിലാണെന്ന് ആരോഗ്യമന്ത്രി അലജാണ്ട്രോ ഗവിറീയ പറഞ്ഞു. അടുത്ത ജൂലൈ വരെ ആരും ഗര്‍ഭിണികളാകാന്‍ തയ്യാറൈടുക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കൊളംബിയ, അടക്കമുളള പതിനാല് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യരില്‍ നിന്ന് കൊതുകിലേക്കും പിന്നീട് മനുഷ്യരിലേക്കുമാണ് വൈറസ് ബാധയുണ്ടാകുന്നത്.

വളരെ ചെറിയ തോതിലാണ് ഇവയുടെ വ്യാപനം. വൈറസ് ബാധയുണ്ടാകുന്നവരില്‍ അഞ്ചിലൊരാള്‍ക്ക് മാത്രമേ ലക്ഷണങ്ങള്‍ കാണുന്നുളളൂ. വൈറസ് ബാധമൂലം തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്നതായും തത്ഫലമായി തല ചെറുതാകുന്നുവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ബുദ്ധിവൈകല്യത്തിനും ബുദ്ധി വികാസത്തിന് കാലതാമസം നേരിടാനും കാരണമാകുന്നു. തലച്ചോറിനുണ്ടാകുന്ന രോഗബാധ മരണത്തിലേക്കും നയിച്ചേക്കാം.

രോഗത്തെ വളരെ വേഗം വരുതിയിലാക്കാനുളള ശ്രമത്തിലാണ് ബ്രസീലിയന്‍ സര്‍ക്കാര്‍. ഇതിനായി രാജ്യം പുതിയ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനും പരീക്ഷണ കിറ്റുകള്‍ക്കുമായി ഫണ്ട് അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫലപ്രദമായ മരുന്ന് കണ്ട് പിടിക്കും വരെ കൊതുകിന് വളരാനുളള സാഹചര്യം ഇല്ലാതാക്കുകയാണ് രോഗം നേരിടാനുളള ഫലപ്രദമായ മാര്‍ഗമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.