പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. കൊലപാതകം ആസൂത്രിതമാണ്. എഫ്‌ഐആറില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം സംഘം കാറുമായി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങളും, ദൃക്‌സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ സംഘമാണ് കടന്നത് എന്നാണ് വിവരം.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം. അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നേരത്തെ എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് കാറുകളിലായാണ് അക്രമി സംഘം എത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകത്തിന് ശേഷം സഞ്ജിത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഇയോണ്‍ കാര്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ നമ്പര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും.സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുബൈറിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.