ലണ്ടന്‍: യു.കെയില്‍ ആദ്യമായി മങ്കിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ നേവല്‍ ഉദ്യേഗസ്ഥനിലൂടെയാണ് രോഗം രാജ്യത്ത് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരില്‍ രോഗബാധയുണ്ടായതായിട്ടാണ് സംശയം. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗബാധയേറ്റ ഓഫീസര്‍ ലണ്ടനിലെത്തിയ വിമാനത്തിലുണ്ടായിരുന്നവര്‍ എത്രയും പെട്ടന്ന് ഡോക്ടര്‍മാരെ കണ്ട് രോഗബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണയായി ചില മൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് എത്തുന്നത്. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതിന് കുറഞ്ഞ സാധ്യത മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയേറ്റാല്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് മരണനിരക്ക്. സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാണ്. സ്‌മോള്‍ പോക്‌സിന് സമാന സ്വഭാവമാണ് മങ്കിപോക്‌സിനും. പക്ഷേ അപകടകാരി മങ്കിപോക്‌സ് തന്നെയാണ്. രണ്ട് മുതല്‍ മൂന്നാഴ്ച്ചകള്‍ കൊണ്ട് തന്നെ രോഗം പൂര്‍ണമായും മാറുമെങ്കിലും രോഗാവസ്ഥ മോശമായാല്‍ മരണം വരെ സംഭവിച്ചേക്കാം. വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമെ രോഗം മനുഷ്യരില്‍ പടരുകയുള്ളു. നിലവില്‍ മങ്കിപോക്‌സിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. കൈപ്പത്തിയിലും ശരീരത്തിന്റെ ഭാഗങ്ങളിലും കുരുക്കള്‍ പോലെ തടിച്ചു പൊന്തുന്നതായാണ് രോഗത്തിന്റെ ലക്ഷണം. അപൂര്‍വ്വമായി ഇത്തരം കുരുക്കള്‍ കണ്ണില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇത് അന്ധതയ്ക്ക് കാരണമായേക്കാം.