നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ ശ്രമം ആരംഭിച്ചു. സുപ്രധാനമായ പല രേഖകളും തെളിവുകളും പൊലീസ് നല്‍കിയിട്ടില്ല. പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.

ദിലീപിനെ കൂടി പ്രതിചേര്‍ത്ത് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഇതിന്മേലുള്ള പരിശോധനയില്‍, പല സുപ്രധാന രേഖകളും തെളിവുകളും നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചത്. കേസിലെ സുഗമമായ വിചാരണക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ അന്വേഷണസംഘം നേരത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ കോടതിയില്‍ വെച്ച് പ്രതിഭാഗം അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അന്വേഷണസംഘം നിലപാടെടുത്തു. മാത്രമല്ല നടിയുടെ സ്വകാര്യത കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നല്‍കണമെന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്റെ ശ്രമം. ഇക്കാര്യത്തില്‍ അങ്കമാലി കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനും ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്.