ലോക്ക് ഡൗണ്‍, സിനിമയില്ല; `ജീവിതം വഴിമുട്ടി, കുടുംബം പോറ്റാന്‍ പഴവില്‍പ്പനയ്ക്കിറങ്ങി ബോളിവുഡ് നടന്‍

ലോക്ക് ഡൗണ്‍, സിനിമയില്ല; `ജീവിതം വഴിമുട്ടി, കുടുംബം പോറ്റാന്‍ പഴവില്‍പ്പനയ്ക്കിറങ്ങി ബോളിവുഡ് നടന്‍
May 22 11:11 2020 Print This Article

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ക്കാണ് ജോലിയും കൂലിയും നഷ്ടപ്പെട്ടത്. പലരും പട്ടിണിയിലുമായി. ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്ന മറ്റൊരു മേഖലയാണ് സിനിമ. സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും തിയറ്ററുകള്‍ അടച്ചിടുകയും ചെയ്തതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു.

ഏറ്റവും കഷ്ടത്തിലായിരിക്കുന്നത് ദിവസവേതനത്തൊഴിലാളികളാണ്. ലോക്‌ഡൗണ്‍ മൂലം സിനിമയില്ലാതെ വന്നപ്പോള്‍ കുടുംബത്തെ പോറ്റാനായി പഴങ്ങള്‍ വിറ്റ് ഉപജീവനമാര്‍ഗം തേടുകയാണ് സോളാങ്കി ദിവാകര്‍ എന്ന ബോളിവുഡ് നടന്‍. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ താരമാണ് സോളാങ്കി.

ഡല്‍ഹിയില്‍ പത്ത് വര്‍ഷമായി പഴവില്‍പന നടത്തിയിരുന്ന ആളാണ് സോളാങ്കി. പിന്നീട് സിനിമയില്‍ അവസരം ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ തിത്ത്‌ലി എന്ന ചിത്രത്തിലൂടെയാണ് സോളാങ്കി സിനിമാഭിനയം തുടങ്ങുന്നത്. പിന്നീട് സൊഞ്ചിരിയ, ഡ്രീം ഗേള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

സോളാങ്കി അഭിനയിച്ച ദ വൈറ്റ് ടൈഗര്‍ ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. രാജ്കുമാര്‍ റാവു, പ്രിയങ്ക ചോപ്ര എന്നിവരഭിനയിച്ച ചിത്രത്തില്‍ നെഗറ്റീവ് റോളാണ് സോളാങ്കിക്ക്. അന്തരിച്ച ഋഷി കപൂര്‍ നായകനായ ശര്‍മ്മാജി നംകീന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം സോളാങ്കിക്ക് ലഭിച്ചിരുന്നു.

എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയും പിന്നീട് ഋഷി കപൂര്‍ മരിക്കുകയും ചെയ്തു. ഇനി അദ്ദേഹത്തൊടൊപ്പം അഭിനയിക്കാന്‍ സാധിക്കില്ലെന്നതിന്റെ സങ്കടത്തിലുമാണ് ദിവാകര്‍. തണ്ണിമത്തന്‍ വില്‍ക്കുന്ന കച്ചവടക്കാരന്റെ വേഷമായിരുന്നു ചിത്രത്തില്‍ സോളാങ്കിക്ക്.

രണ്ട്,മൂന്ന് ഡയലോഗുകളുമുണ്ടായിരുന്നു. ഋഷി കപൂറുമൊത്ത് കോമ്പിനേഷന്‍ സീനുമുണ്ടായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാനുള്ള ഡേറ്റും അറിയിച്ചിരുന്നു. രണ്ട്,മൂന്ന് തവണ ഈ തിയതികള്‍ മാറ്റുകയും ചെയ്തു. അതിനിടയിലാണ് ഋഷിയുടെ മരണം സംഭവിച്ചത്.

സിനിമ ഷൂട്ടിങ് നിര്‍ത്തിവെച്ചതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായിരിക്കുകയാണ് സോളാങ്കി. വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെ വീണ്ടും സോളാങ്കി പഴവില്‍പ്പനയ്ക്കിറങ്ങുകയായിരുന്നു. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ തനിക്ക് ഇനിയും സിനിമയില്‍ വേഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് സോളാങ്കി. സിനിമ തന്റെ പാഷനാണെന്ന് ഇദ്ദേഹം പറയുന്നു.ഡല്‍ഹി ശ്രീനിവസാപുരിയിലാണ് സോളാങ്കി താമസിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles