ശ്രീനഗര്‍: ഛത്തബലില്‍ തീവ്രവാദികളുമായുള്ള ഏറ്റമുട്ടല്‍ കഴിഞ്ഞു മടങ്ങുന്ന ജമ്മുകശ്മീര്‍ പൊലീസ്, പാരാമിലിട്ടറി വാഹനങ്ങള്‍ക്കെതിരെ കല്ലെറിഞ്ഞ യുവാവ് പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കശ്മീരില്‍ സംഘര്‍ഷം. 18 വയസുകാരനായ അദില്‍ അഹ്മദ് യാദൂ ആണ് കൊല്ലപ്പെട്ടത്. പുറത്തു വന്ന വീഡിയോയില്‍ വാഹനം ആദിലിന് നേരെ ഇടിച്ചുകയറ്റുന്നതായാണ് ഉള്ളത്.

യുവാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഡസനിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന ഛത്തബലില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെയുള്ള നൂര്‍ഭാഗ് ചൗക്കിലാണ് സംഭവമുണ്ടായത്. റോഡിലൂടെ കടന്നുപോകുകയായിരുന്ന സി.ആര്‍.പി.എഫ്, കശ്മീര്‍ പൊലീസ് വാഹനങ്ങള്‍ക്കെതിരെ കല്ലെറിയുന്നതിനിടെ ആദ്യമുള്ള സി.ആര്‍.പി.എഫ് വാഹനത്തിനെതിരെ കല്ലെറിയാനായി പൊലീസ് വാനിന്റെ മുന്നില്‍ കടന്നപ്പോളാണ് ആദിലിനെ വാന്‍ ഇടിച്ചിട്ടത്. 57 സെക്കന്റുള്ള സംഭവത്തിന്റെ വീഡിയോ റോഡിന് സമീപമുള്ള വീട്ടില്‍ നിന്നെടുത്തതാണ്.

ആദിലിനെ എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. യുവാവിന്റെ മരണം റോഡപകടത്തിലാണെന്നും വാന്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ആവശ്യപ്പെട്ടിട്ടുണ്ട്.