ന്യൂഡല്‍ഹി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മീരിലെ പ്രക്ഷോഭകരോട് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ലെന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മിരിലെ യുവാക്കള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ്  അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടാന്‍ പ്രേരിപ്പിക്കുന്നവരേക്കുറിച്ച് കരസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചു. ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.  അനാവശ്യമായി അതിനുവേണ്ടി നടക്കേണ്ടതില്ല. നിങ്ങളെന്തിനാണ് ആയുധമെടുക്കുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ആസാദി എന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്നവരോടാണ് തങ്ങള്‍ ഏറ്റുമുട്ടുന്നതെന്നും കരസേനാ മേധാവി പറഞ്ഞു.

ഏറ്റുമുട്ടലില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെടുന്നുവെന്നത് പ്രധാനമല്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നു. ഇതെല്ലാം വെറുതെയാകുമെന്നാണ് എനിക്ക് അവരോട് പറയുനുള്ളത്. ഒരിക്കലും അവരേക്കൊണ്ട് സാധിക്കില്ല. സൈന്യവുമായി ഏറ്റുമുട്ടാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലുന്നതില്‍ ഞങ്ങള്‍ സന്തോഷം കാണാറില്ല. പക്ഷെ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. രക്ഷാ സേന ക്രൂരന്‍മാരല്ലെന്ന് കശ്മീരികള്‍ മനസിലാക്കണം. സിറിയയിലേക്കും പാകിസ്താനിലേക്കും നോക്കൂ- അവര്‍ ടാങ്കുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചാണ് ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. എത്രവലിയ പ്രകോപനമുണ്ടായാലും സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ സൈന്യം പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കള്‍ കോപാകുലരാണ് എന്ന് മനസിലാകുന്നു. പക്ഷെ അതിന് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതുപോലെയുള്ള ആക്രമണങ്ങളല്ല അതിനായുള്ള വഴിയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

കശ്മീരില്‍ സമാധാനം വരണമെങ്കില്‍ ആളുകള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. സൈനിക നടപടി നടക്കുമ്പോള്‍ അത് തടസപ്പെടുത്താന്‍ ആളുകള്‍ കൂട്ടമായി അവിടേക്കെത്തുന്നതെന്തിനെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. സുരക്ഷാ സേനയോട് ഏറ്റുമുട്ടുന്നവര്‍ കൊല്ലപ്പെടരുത് എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയുധം താഴെവെച്ച് തിരികെ വരാന്‍ അവരോട് പറയുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ ആരും കൊല്ലപ്പെടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ സൈനിക നടപടി അപ്പോള്‍ തന്നെ തങ്ങള്‍ നിര്‍ത്തിവെക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാന്‍ പ്രേരിപ്പിച്ച് അവര്‍ സേനയെ കൂടുതല്‍ അക്രമാസക്തമാക്കുകയാണ് ചെയ്യുന്നതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരോ അവരുടെ പ്രതിനിധികളോ ഗ്രാമങ്ങളില്‍ ചെന്ന് അവരോട് സംസാരിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ ആക്രമിക്കപ്പെടുമോ എന്ന് ഭയന്ന് അവര്‍ മാറിനില്‍ക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇവിടെ സമാധാനമായ അന്തരീക്ഷമുണ്ടാകണം. ഇപ്പോള്‍ നടത്തുന്നതൊക്കെ വ്യര്‍ഥമായ പരിശ്രമങ്ങളാണെന്ന് അവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വ്യത്യസ്തമായി ചിന്തിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ തങ്ങള്‍ കീഴടങ്ങിയവരാണെന്ന് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്നു. ഇതൊരു പുതിയ പ്രവണതയാണ്. കീഴടങ്ങിയവരായോ, അറസ്റ്റ് ചെയ്യപ്പെട്ടവരായോ അറിയപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഏറ്റുമുട്ടലിനിടെ പരിക്ക് പറ്റി സൈന്യത്തിന്റെ പിടിയിലായവരാണെന്ന് അറിയപ്പെടാന്‍ ഇവര്‍ ശ്രമിക്കുന്നു. അവരില്‍ ഒരു ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബുഡ്ഗാമില്‍ കഴിഞ്ഞ വര്‍ഷം യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെ ബിപിന്‍ റാവത്ത് ന്യായീകരിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തേയും കല്ലെറിയുന്നതിനേയും തടയാന്‍ അതല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ ആള്‍കൂട്ടത്തിന് നേരെ നിറയൊഴിക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.