രാജേഷ്‌ ജോസഫ്‌, ലെസ്റ്റര്‍

അടച്ച വാതിലുകളുടെ ഉള്ളില്‍ ചുറ്റുമതിലുകള്‍ക്ക് അകത്ത് ദൈവത്തിനും മനുഷ്യനും ഇടയില്‍ വികാരവിചാരങ്ങളെ ആത്മസമര്‍പ്പണമാക്കിയ ഒരു കൂട്ടം നിസഹായരായ മനുഷ്യര്‍, ജീവിതം ത്യാഗമാണെന്ന് മനസിലാക്കിയ സമര്‍പ്പിതര്‍, വിശ്വവിഹായസില്‍ പാറിപ്പാറി നടക്കേണ്ടവര്‍, തന്നെത്തന്നെ ശൂന്യമാക്കി ജന്മം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അലിഞ്ഞ് ഇല്ലാതാകാന്‍ സ്വയം തിരഞ്ഞെടുക്കപ്പെട്ടവര്‍, അവരാണ് സന്യാസി. സമൂഹം അവര്‍ക്ക് ഒരു വസ്ത്രം നല്‍കി, സഹനത്തിനായി കുരിശ് നല്‍കി, നാലു ചുവരുകളിലെ ആത്മത്യാഗം യഥാര്‍ത്ഥ സമര്‍പ്പണം.

തന്നെത്തന്നെ ശൂന്യാമാക്കി ദാസന്റെ രൂപം സ്വീകരിച്ച് അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടുംകൂടി പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍ നിന്ന് ജാതനായി ജീവിച്ച് മനുഷ്യരോടൊപ്പം സഹയാത്രികനായി, സഹിച്ച് മരിച്ച ഉദ്ധിതനായവനാല്‍ സ്ഥാപിതമായ സഭയുടെ നേതൃത്വം സന്യാസിയില്‍ നിന്ന് ഏറെ അകലെയാണ്. കൂടെ ചേര്‍ത്തു നില്‍ക്കേണ്ടവര്‍ അകറ്റി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ക്രിസ്തുവിനെ വീണ്ടും ഇന്നും ക്രൂശിക്കുന്നു. അവിടുത്തെ തിരുവിലാവ് കുത്തിക്കീറുന്നു. ജലവും ചോരയും വറ്റിയിരിക്കുന്നു.

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട സന്യാസി സഭയുടെ മേല്‍ ചൂണ്ടുന്ന ഉപമയാണ് വിശുദ്ധ ഗ്രന്ഥത്തിലെ നീതിരഹിതനായ ന്യായാധിപന്റെ കഥ. മാസങ്ങളോളം വ്യവസ്ഥാപിതമായ പല ഘടകങ്ങളുടെയും മുന്‍പില്‍ ധനവാന്റെ വീട്ടുപടിക്കലുള്ളവനെപ്പോലെ നീതിക്കായി കേണ സന്യാസിയെ നീതി നല്‍കാതെ കല്ലെറിയുന്നു. നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ലെറിയട്ടെ

ജീവിതം കാറ്റിലും കോളിലും പെട്ടവര്‍ക്ക്, തിരസ്‌കരിക്കപ്പെട്ടവര്‍ക്ക്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമാകേണ്ടവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രം വല്ലാതെ ഭാരപ്പെടുത്തുന്നു. തോണിയിലെ അമരത്തിരിക്കുന്നവരുടെ നിശബ്ദത കയത്തിലേക്കാണ് വഴികാട്ടുന്നത്. കൊട്ടിയടക്കപ്പെട്ടവളായി, നിരാലംബരായി, ഭയത്തോടെ ജീവിക്കേണ്ടവളല്ല സന്യാസി. സത്യം സ്വതന്ത്രമാക്കപ്പെടണം. ആരു തെറ്റു ചെയ്തു എന്നുള്ളതല്ല, തെറ്റാണെന്ന്, മൂല്യച്യുതി സംഭവിച്ചു എന്ന് അറിഞ്ഞിട്ടും മനസിലാക്കിയിട്ടും അവയോട് പുലര്‍ത്തുന്ന മൗനം നിസംഗതയാണ് നരകം. മനുഷ്യ മനഃസാക്ഷിയുടെ മേല്‍ വന്നുപതിച്ച അന്ധകാരം, ശൂന്യത,വല്ലാതെ ഹിമവത്കരിക്കപ്പെട്ടിരിക്കുന്നു.

ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പില്‍ നിര്‍ഭയനായി ജീവിച്ച മനുഷ്യരുടെ സഹയാത്രികനായി മാറിയ ആ പരമ ചൈതന്യത്തിലേക്ക് നമുക്ക് മടങ്ങാം. സുവിശേഷകന്‍ പറയുന്നതുപോലെ വീണ്ടെടുക്കാനാകാത്ത വിധത്തില്‍ ഒന്നും കളഞ്ഞുപോയിട്ടില്ല. തിരികെ വരാനാകാത്ത വിധം ഒന്നും അകന്നുപോയിട്ടില്ല. വ്യക്തികള്‍ക്ക്, സഭയ്ക്ക്, സമുദായങ്ങള്‍ക്ക്, സംവിധാനങ്ങള്‍ക്ക് എവിടെയാണോ നഷ്ടപ്പെട്ടത്, മൂല്യച്യുതി സംഭവിച്ചത് അവിടെനിന്ന് തുടങ്ങാം. ശ്ലീഹാ പറയുന്നതുപോലെ നമുക്ക് നമ്മുടെ ആദ്യസ്‌നേഹത്തിലേക്ക് മടങ്ങാം. പരസ്പരം പാദങ്ങള്‍ കഴുകി സ്‌നേഹത്തിന്റെ, കരുതലിന്റെ നവ സഭയായി, വ്യക്തിയായി മാറാം, പുനര്‍നിര്‍മിക്കാം.

സഭയിലും സമൂഹത്തിലും വിശ്വാസത്തിലും നമുക്ക് തുല്യമായി ദിനാറ നല്‍കാം. ഒന്നാം മണിക്കൂറില്‍ വന്നവനും ഒമ്പതാം മണിക്കൂറില്‍ വന്നവനും ഒരുപോലെ കരുതാം, സ്‌നേഹിക്കാം, കൂടെച്ചേര്‍ക്കാം. വിളക്ക് പ്രകാശം പരത്താന്‍ നമുക്ക് പീഠത്തില്‍ സ്ഥാപിക്കാം. നീ പീഡിപ്പിക്കുന്ന ദൈവമാണ് ഞാന്‍ എന്ന് സാവൂളിനോട് പറഞ്ഞ വാക്കുകള്‍ നമ്മുടെ കാതുകളില്‍ എന്നും മുഴങ്ങട്ടെ. അവിടുത്തെ ചങ്കില്‍ നിന്ന് ചോരയും നീരും അനര്‍ഗളമായി ഒഴുകട്ടെ.